Breaking News

കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി, വെള്ളരിക്കുണ്ട് പോലീസിൽ നിന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി


വെള്ളരിക്കുണ്ട് : സ്കൂളിൽ നിന്നും വന്ന മകന്റെ ബാഗിൽ വാച്ച് കണ്ടതിനെ തുടർന്ന് ഏഴുവയസുകാരനെ പിതാവ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി ആരോപണം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. ബാലാവകാശ പ്രവർത്തകൻ അഡ്വ.ശിവപ്രസാദ് ബാലാവകാശകമ്മീഷന് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വെള്ളരിക്കുണ്ട് പോലീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മാലോം വള്ളിക്കടവിലാണ് ഏഴുവയസുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി ഉയർന്നത്, മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയുടെ പിതാവാണ് ക്രൂരമായി മർദ്ദനത്തിനിരയാക്കിയെന്ന സംഭവം പുറത്തു വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയെ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം വെള്ളരിക്കുണ്ട് പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസും കുട്ടിയിൽ നിന്നും പിതാവിൽ നിന്നും മൊഴിയെടുത്തു . സ്കൂളിൽ നിന്ന് വന്ന കുട്ടിയുടെ ബാഗിൽ ആരുടേയോ ഒരു വാച്ച് കാണപ്പെട്ടത് പിതാവ് ചോദ്യം ചെയ്തു, ഇതിന് കുട്ടി വ്യക്തമായ മറുപടി നൽകിയില്ല. ഇതാണ് മർദ്ദിക്കാൻ കാരണമെന്നാണ് പിതാവ് പോലീസിന് മൊഴി നൽകിയതെന്നാണ് അറിയുന്നത്.

No comments