Breaking News

മാലോം മുതൽ വെള്ളരിക്കുണ്ട് വരെ.. കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ഭിന്നശേഷി കൂട്ടുകാരുടെ പ്രാദേശിക പഠനയാത്ര

വെള്ളരിക്കുണ്ട്: സാമൂഹ്യപരമായ ശേഷി വികാസത്തിന് വിദ്യാലയാന്തരീക്ഷം അത്യന്താപേക്ഷിതമാണ്. കോവിഡ് മുക്തമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജീവിത നൈപുണികൾ സ്വാംശീകരിക്കുന്നതിന്  വിദ്യാലയത്തിന് പുറത്തും ധാരാളം അവസരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി  ചിറ്റാരിക്കാൽ ബി ആർ സി പരിധിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഇരുപത് കുട്ടികൾക്കായി പ്രാദേശിക പഠന യാത്ര നടത്തി. പൊതു വാഹനത്തിൽ സ്വന്തമായി ടിക്കറ്റെടുത്ത് അവർ സ്ഥലങ്ങൾ സന്ദർശിച്ചു. മാലോം പുഞ്ചയിലെ അമ്മ ട്രസ്റ്റ് ഫാം, വെള്ളരിക്കുണ്ട് പോലീസ്‌സ്റ്റേഷൻ, വെള്ളരിക്കുണ്ട് ബിഗ് മാർട്ട് സൂപ്പർ മാർക്കറ്റ് തുടങ്ങിയവയാണ് കുട്ടികൾ സന്ദർശിച്ചത്. വിവിധ ഇനം കന്നുകാലികൾ, കുതിര, പക്ഷികൾ, ആടുകൾ, മീനുകൾ തുടങ്ങി വിവിധ വളർത്ത് മൃഗങ്ങളും കൃഷിയും അടങ്ങുന്ന പുഞ്ച അമ്മ ട്രസ്റ്റ് ഫാമിലെ കാഴ്ച്ചകൾ കുട്ടികൾക്ക് പുതിയ അനുഭവമായി മാറി.


പുതിയ കാഴ്ച്ചകൾ കണ്ട് കൗതുകപൂർവമാണ് കുട്ടികൾ യാത്ര ചെയ്തത്. ഫാമിലെ കാഴ്ചകൾ, പോലീസ് സ്റ്റേഷനിലെ ഓഫീസർമാരുടെ സ്വീകരണം സൂപ്പർ മാർക്കറ്റിൽ സ്വന്തമായി സാധനങ്ങൾ വാങ്ങി ബില്ലടച്ചത്, ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം കൊടുത്തത് ഒക്കെ കുട്ടികൾക്ക് പുതിയ പാഠവും പരിചയവും സമ്മാനിച്ചു. 

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ കാഴ്ച്ചകളും മറ്റ് ക്രമസമാധാന പാലനത്തെക്കുറിച്ചുള്ള നടപടി ക്രമങ്ങളും കുട്ടികൾക്ക് വിശദീകരിച്ച് നൽകി. തുടർന്ന് ബിഗ് മാർട്ട് സൂപ്പർ മാർക്കറ്റിൽ കയറിയ ഭിന്നശേഷി കുട്ടികൾ സ്വന്തമായി സാധനങ്ങൾ വാങ്ങി ബില്ലടച്ചു. ഉച്ചക്ക് വെള്ളരിക്കുണ്ട് ലൈഫ് സ്റ്റൈൽ ഹോട്ടലിൽ കയറിയ കുട്ടികൾ ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചു.

ചിറ്റാരിക്കാൽ ബ്ലോക് പ്രൊജക്റ്റ് കോർഡിനേറ്റർ കാസിം ടി, സ്പെഷ്യൽ എജ്യുകേറ്റർമാർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- ചന്ദ്രു വെള്ളരിക്കുണ്ട്





No comments