Breaking News

'നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക': ഡി.വൈ.എഫ്.ഐ പ്രവർത്തകർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ മാർച്ച്‌ നടത്തി

നീലേശ്വരം :നിത്യേന നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന കണ്ണൂർ-  മംഗലാപുരം റൂട്ടിലെ യാത്രാദുരിതം പരിഹരിക്കണമെന്ന ഉദ്ദേശത്തിലാണ് കണ്ണൂരിൽ നിർത്തിയിരുന്ന മെമു മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യമുയർന്നു വന്നത്.  അതിന്റെ അടിസ്ഥാനത്തിൽ മംഗലാപുരത്തേക്കുള്ള മെമുവിന്റെ സർവീസ് റെയിൽവേ അനുവദിച്ചിരുന്നെങ്കിലും  നിലവിൽ നൂറുകണക്കിന് പേർ യാത്ര ചെയ്തിരുന്ന  പാസഞ്ചർ ട്രെയിൻ ഒഴിവാക്കുന്ന സ്ഥിതിയാണുണ്ടായത്.  പാസഞ്ചർ ട്രെയിനിനെ അപേക്ഷിച്ച്   ബോഗികളും സീറ്റുകളും നന്നേ കുറവായ മെമു ട്രെയിൻ സർവീസ്  യാത്രക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന  സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.  16  ബോഗികളുള്ള പാസഞ്ചർ ട്രെയിൻ  ഉണ്ടായിരുന്ന ഘട്ടത്തിൽ തന്നെ  യാത്രക്കാരുടെ ബാഹുല്യം കാരണം ബോഗികൾ  വീർപ്പുമുട്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.  ഇത്തരം സാഹചര്യത്തിലാണ്  മെമു ട്രെയിൻ കൂടി ഈ റൂട്ടിൽ അനുവദിക്കണമെന്ന ആവശ്യമുയർന്നത്.  എന്നാൽ 8 ബോഗികളും 600 സീറ്റുകളും മാത്രമുള്ള മെമു ട്രെയിൻ അനുവദിക്കുകയും  പാസഞ്ചർ ട്രെയിൻ ഒഴിവാക്കുകയും ചെയ്തതോടെ  മുൻപുള്ളതിനേക്കാളും  യാത്രാദുരിതം ഇരട്ടിയാവുന്നസ്ഥിതിയാണ്  ഉണ്ടായിട്ടുള്ളത്.  യാത്രക്കാരോട് കേന്ദ്ര സർക്കാരും റെയിൽവേ അധികൃതരും കാണിച്ച കടുത്ത അനീതിയാണിത്. കമ്പാർട്ട്മെന്റുകൾ കുറവുള്ള മെമു ഫലത്തിൽ കടുത്ത യാത്ര ദുരിതമാണ് ജനങ്ങൾക്ക് നൽകുന്നത്. പാസഞ്ചറിലെ നീളൻ സീറ്റുകൾ നാലുപേർക്കുള്ളതാണെങ്കിലും ആറുപേരെങ്കിലും ഇരുന്നിരുന്നു. മെമുവിലാകട്ടെ മൂന്നിൽ കൂടുതൽ പേർക്ക് ഇരിക്കാനാവില്ല.


നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക, മെമു ബോഗികളുടെ എണ്ണം വർധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. പ്രകടനം ബസ്റ്റാന്റ് കേന്ദ്രീകരിച്ച് ആരംഭിച്ചു.

പ്രതിഷേധ സായാഹ്നം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു  ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി  ജില്ലാ വൈസ് പ്രസിഡന്റ് കെ എം വിനോദ്,പ്രൊഫ കെ പി ജയരാജൻ,കെ സനുമോഹൻ,അമൃത സുരേഷ്,പി അഖിലേഷ്,സിനീഷ് കുമാർ,എ അഭിജിത്ത്,വി മുകേഷ്,പി സുജിത്കുമാർ എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.

No comments