Breaking News

യുക്രെയ്ൻ രക്ഷാദൗത്യം പൂർണ്ണമാകുന്നു; സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിൽ


ലെവീവ്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നു. ഇന്നലെ ലെവിവില്‍ നിന്നും ട്രെയ്‌നിലായിരുന്നു ഇവരെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. 649 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്പോർട്ട് പരിശോധന ട്രെയ്നില്‍ വെച്ച് നടന്നു.സുമിയില്‍ നിന്നും പോള്‍ട്ടോവയില്‍ എത്തിച്ച ശേഷമാണ് ട്രെയ്ന്‍ മാര്‍ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. ഇവരെ തിരിച്ചെത്തിക്കുന്നതോടെ രാജ്യത്തിന്റെ യുക്രെയ്ന്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. ഓപ്പറേഷന്‍ ഗംഗയിലുള്‍പ്പെട്ട അവസാന വിമാനം ഇന്ന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും.

യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യം വന്‍ ആക്രമണം നടത്തുകയും ചെറുത്ത് നില്‍പ്പ് ശക്തമാവുകയും ചെയ്ത സമയത്ത് സുമി നഗരത്തില്‍ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. സ്ഫോടനങ്ങളും ആക്രമണങ്ങളും ശക്തമായതോടെ പ്രതീക്ഷ അസ്തമിച്ച നിലയിലായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. സാഹചര്യം മോശമാകുന്നു എന്നും ഇനിയും ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോവും എന്ന അവസ്ഥയിലേക്ക് വിഷയം നീങ്ങുകയും ചെയ്തു. എന്നാല്‍, സുമിയില്‍ നിന്ന് വിദേശികള്‍ക്കും സാധാരണക്കാര്‍ക്കും രക്ഷപ്പെടാന്‍ പിന്നീട് സാഹചര്യം ഒരുങ്ങി. റഷ്യ വെടിനിര്‍ത്ത പ്രഖ്യാപിച്ചു. മാനുഷിക ഇടനാഴി പ്രഖ്യാപിച്ചു. നടപടികളോട് യുക്രൈനും സഹകരിച്ചു. ഇതോടെയാണ് സുമിയിലെ രക്ഷാ ദൗത്യം ആശ്വാസകരമായ നിലയിലേക്ക് നീങ്ങിയത്.


No comments