Breaking News

കാഞ്ഞങ്ങാടിൻ്റെ സ്വപ്നം ഇനി യാഥാർഥ്യം കോട്ടച്ചേരി റെയിൽവേ മേൽപ്പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു


കാഞ്ഞങ്ങാട്: ആവേശ കടലായി കോട്ടച്ചേരി മേൽപ്പാല ഉദ്ഘാടനം. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് മാർച്ച് ഏഴിന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പരിസമാപ്തിയായത്. തീരദേശവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷികളാകാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാ യിരുന്നു  ഉദ്ഘാടന ചടങ്ങ്. മന്ത്രിക്കൊപ്പം കോട്ടച്ചേരി പാലത്തിന് മുകളിലൂടെ നടക്കാൻ നാടൊരുമിക്കുമ്പോൾ അതൊരു ചരിത്രമായി മാറി.

2003 ൽ സർക്കാർ മേൽപ്പാല നിർമാണം റോഡ്സ് ബ്രിജ്സ്  കോർപറേഷനെ ഏൽപിച്ചു. 2016 ഡിസംബർ 20 ന് ഭൂമി ഏറ്റെടുക്കാൻ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂൺ 30 ന് മേൽപ്പാല നിർമാണത്തിനായി 15 കോടി അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ജിയോ ഫൗണ്ടേഷൻ ആൻഡ് സ്ട്രക്ച്ചറൽ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഉറപ്പിച്ചു. 2018  ഏപ്രിൽ 14 ന് മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നു. അന്ന് റവന്യു മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം എൽ എ കൂടിയായ ഇ.ചന്ദ്രശേഖരനാണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത്. സെപ്തംബറിൽ നിർമാണം ആരംഭിച്ചു. 21 മീറ്റർ നീളമുള്ള 10 സ്പാനും 32.4 മീറ്റർ നീളമുള്ള ഒരു റെയിൽവേ സ്പാനും ഉൾപ്പെടെ ആകെ 11 സ്പാൻ ആണ് ഉള്ളത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നിർമിച്ച മേൽപ്പാലത്തിന് അപ്രോച്ച് റോഡ് ഉൾപ്പെടെ 730മീറ്റർ നീളവും 10.15 മീറ്റർ വീതിയും ഉണ്ട്. പാലത്തിന്റെ ഒരു വശത്ത് 1.5മീറ്റർ നടപ്പാതയും നിർമിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ്  സംസ്ഥാന സര്‍ക്കാരുംഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം  നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്.  ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.   കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന്  മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ്  കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം.

No comments