Breaking News

കാലത്തിൻ്റെ ഓർമ്മപ്പെടുത്തലുകൾ മായുന്നു.. മേച്ചിൽപ്പുറങ്ങളിൽ കന്നുകാലികളുടെ ദാഹമകറ്റിയ 'മരി' വിസ്മൃതിയിലേക്ക്


ഇരിയ : മേച്ചിൽ പുറങ്ങളിൽ കന്നുകാലികൾക്ക് വെള്ളമൊഴിച്ചു കൊടുത്തിരുന്ന 'മരി'യും വിസ്മൃതിയിലേക്ക്. കല്ലുകളോ ,മരങ്ങളോ ഉപയോഗിച്ച് ചതുരാകൃതിയിൽ കൊത്തിയുണ്ടാക്കുന്നതാണ് മരി. അലൂമിനിയത്തിൻ്റേയും മറ്റു ലോഹ പാത്രങ്ങളും സുലഭമല്ലാത്ത കാലത്ത്  മേയാൻ പോകുന്ന കന്നുകാലികൾക്ക് കിണറുകളുടേയോ കുളത്തിൻ്റേയോ സമീപത്ത് മരി സ്ഥാപിക്കും. കാലിയാൻമാർ (കന്നുകാലി മേയ്ക്കുന്ന തൊഴിലിൽ ഏർപ്പെടുന്നവർ)മൺകുടത്തിൽ കൊണ്ടുവരുന്ന വെള്ളം മരികളിൽ ഒഴിച്ചു കൊടുക്കും.പഴയകാല ക്ഷേത്രക്കുളത്തോട് ചേർന്നാണ് പ്രധാനമായും ഇത് കാണപ്പെട്ടത്. വേനൽക്കാലത്ത് കന്നുകാലികൾക്ക് ദാഹമകറ്റാൻ കിണറ്റിലും കുളത്തിലും ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് കാലിയാൻമാർ  ഈ സേവനം ചെയ്തു വന്നിരുന്നത്. ചെങ്കൽപ്പാറകളിൽ മേയുന്ന കന്നുകാലികൾ കൂട്ടത്തോടെ ഉച്ച സമയത്ത് ഈ മരികൾക്കരികിലേക്കെത്തും. ചെങ്കൽപ്പാറകളിലും, കാതലില്ലാത്ത മരങ്ങളായ മുരിക്ക്, മാവ്, വട്ട തുടങ്ങിയ  മരങ്ങളിലും മരികൾ കൊത്തിയെടുക്കുമായിരുന്നു. നൂതന രീതിയിലുള്ള തൊഴുത്ത് സംവിധാനങ്ങളുടെ വരവോട്കൂടി മരികളും അപ്രത്യക്ഷമായിക്കഴിഞ്ഞു. നാട്ടിൻ പുറങ്ങളിൽ കന്നുകാലി സമ്പത്തും കുറഞ്ഞ് വരികയാണ്.

No comments