Breaking News

മനുഷ്യസ്നേഹത്തെ നമുക്ക് രവീന്ദ്രയാദവ് എന്ന് വിളിക്കാം ഇരിയ കാഞ്ഞിരടുക്കത്തെ വ്യാപാരിയുടെ നഷ്ടപ്പെട്ടെന്ന് കരുതിയ തുക തിരിച്ചു കിട്ടിയത് അഥിതി തൊഴിലാളിയുടെ നല്ല മനസുകൊണ്ട്


ഇരിയ: സാധാരണ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികൾ അവഞ്ജയോടെയാണ് കാണാറ്. അഥിതി തൊഴിലാളികൾ എന്ന് വിളിക്കാൻ പോലും നമുക്ക് പ്രയാസമാണ്. അവരെ ദുഷ്ടന്മാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിച്ച് കല്ലെറിയാനാണ് മലയാളിക്ക് ഹരം. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി ഇവിടെ മനുഷ്യത്വത്തിൻ്റെ പ്രതീകമായി ഒരു മധ്യപ്രദേശുകാരൻ. പേര് രവീന്ദ്ര യാദവ്. റോഡ് ടാറിംങ് പണിക്കാരനാണ്. ഇപ്പോൾ പെരിയ ഒടയൻചാൽ റോഡ് ടാറിങ് പ്രവർത്തി ചെയ്യുന്നു. കഷ്ടപ്പെട്ട് കച്ചവടം ചെയ്ത് കിട്ടിയ പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് കരുതിയ ഇരിയ കാഞ്ഞിരടുക്കത്തെ വ്യാപാരിക്ക് ഒരു രൂപ പോലും കുറയാതെ അത് തിരിച്ച് കിട്ടിയത് ഈ ഇതര സംസ്ഥാന തൊഴിലാളിയുടെ നല്ല മനസുകൊണ്ടാണ്.

സംഭവം ഇങ്ങനെ: 

കഴിഞ്ഞ ദിവസം രവീന്ദ്ര യാദവ് പണി കഴിഞ്ഞ് ഇരിയ കാഞ്ഞിരടുക്കത്തെ സിജു സെബാസ്റ്റ്യൻ്റെ സന എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക്  റീചാർജ് ചെയ്യാൻ വന്നിരുന്നു. അതോടൊപ്പം അദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ചെറിയ ഒരു തുക ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട പ്രകാരം സിജു അത് ഗൂഗിൾ പേ ചെയ്ത്  കൊടുക്കുകയും ചെയ്തു. പിന്നീട് ഏറെ വൈകി തന്റെ ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി സിജു മറ്റൊരു വലിയൊരു തുക ട്രാൻസ്ഫർ ചെയ്തപ്പോൾ അത് അറിയാതെ മാറി തൊട്ടു മുമ്പ് ട്രാൻസ്ഫർ ചെയ്ത രവീന്ദ്ര യാദവിൻ്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പോയി. എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിമിഷം സിജു അങ്കലാപ്പിലായെങ്കിലും പിറ്റേന്ന് രാവിലെ രവീന്ദ്ര യാദവ് പണിയെടുക്കുന്ന പ്രദേശം അന്വേഷിച്ച് കണ്ടു പിടിച്ച് അറിയാവുന്ന ഹിന്ദിയിൽ സിജു കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. പണം മാറി തൻ്റെ സുഹൃത്തിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയ കാര്യം രവീന്ദ്ര യാദവിന് മനസിലായി. ഉടനെ അദ്ദേഹം സുഹൃത്തിനെ വിളിക്കുകയും പണം അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ടെന്നു ഉറപ്പിക്കുകയും ചെയ്തു. അദേഹത്തിന്റെ സുഹൃത്ത്‌ ഉടനെ ടാറിങ് ജോലിക്ക് ഇവർക്കൊപ്പം ചേരുമെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നും അദ്ദേഹം എത്തിയ ശേഷം പണം ഷോപ്പിൽ എത്തിക്കാം എന്നും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സിജു തിരിച്ചുപോയി. പണം തിരിച്ച് കിട്ടുമോ ഇല്ലയോ എന്ന സംശയത്തിൽ കഴിഞ്ഞിരുന്ന സിജുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് വൈകുന്നേരം തന്നെ ടാറിങ് ജോലിക്ക് ശേഷം  രവീന്ദ്ര യാദവ് സിജുവിൻ്റെ സ്ഥാപനത്തിൽ എത്തുകയും സിനുവിന് നഷ്ടപ്പെട്ട തുക കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. 

"നിങ്ങൾക്ക് അത്യാവശ്യമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് ഞാൻ ഈ പണം ഇപ്പോൾ സംഘടിപ്പിച്ച് തരുന്നത്..സുഹൃത്ത് ഇവിടെ പണിക്ക് വരുന്ന സമയത്ത് ഞാൻ അവനോട് വാങ്ങിക്കോളാം .. നിങ്ങളുടെ കാര്യങ്ങൾ നടക്കട്ടെ.." രവീന്ദ്ര യാദവ് പറഞ്ഞവസാനിപ്പിക്കുമ്പോൾ സിജു അത്ഭുതത്തോടെ നോക്കി നിന്നു. അതുവരെ ഇതര സംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ മാത്രം നോക്കി കണ്ടിരുന്ന സിജു, രവീന്ദ്ര യാദവിനെ ചേർത്ത് പിടിച്ചു. ക്രൂരന്മാരും, ശല്യക്കാരും, മോഷ്ടാക്കളും ആയവർ എല്ലാ നാട്ടിലുമുണ്ടാകാം, പക്ഷെ ഇങ്ങനെ മനുഷ്യത്തമുള്ളവർ കൂടി നമുക്കിടയിൽ ഉണ്ട്, അത് കാണാത്തത് നമ്മുടെ കാഴ്ചയുടെ പ്രശ്നമാണ്. കല്ലെറിയും മുമ്പ് അതും കൂടി ഒന്ന് തിരിച്ചറിയുക.


-ചന്ദ്രു വെള്ളരിക്കുണ്ട്

9496471939

No comments