Breaking News

മൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു ; കച്ചവടക്കാർ


വേനല്‍ചൂടിന് പിന്നാലെ റംസാന്‍ നോമ്പും ആരംഭിച്ചതോടെ പഴവിപണി ചൂടുപിടിച്ചു. രണ്ടാഴ്ചയ്ക്കിടെ 20 മുതൽ 30 രൂപവരെ  വിലവര്‍ദ്ധനവാണ് പഴവിപണിയിലുണ്ടായത്. സംസ്ഥാനത്തേക്കുള്ള പഴങ്ങളുടെ വരവ് കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് വിലവര്‍ദ്ധനവിന് കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പഴ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രാദേശികമായ ഉല്പാദനം കുറഞ്ഞതും തിരിച്ചടിയായി. ഹോര്‍ട്ടികോര്‍പ്പില്‍ പൊതു വിപണിയേക്കാള്‍ വിലക്കുറവുണ്ടെങ്കിലും എല്ലാ ഇനം പഴങ്ങളും ഇവിടെ ലഭ്യമല്ല. ഒരുമാസം മുമ്പ് കിലോയ്ക്ക് 30 രൂപയായിരുന്ന ഏത്തപ്പഴത്തിന്റെ വില ഇപ്പോള്‍ 65 രൂപയായി ഉയര്‍ന്നു. 60 രൂപ ഉണ്ടായിരുന്ന ചെറുനാരങ്ങ ഇപ്പോൾ കിലോയ്ക്ക് 230 മുതൽ 240 വരെയാണ്.


ഞാലിപ്പൂവന്‍ പഴത്തിന്റെ വില 40ല്‍ നിന്ന് 65 ആയി. ഓറഞ്ചിന് 60 രൂപയില്‍ നിന്ന് 90-ഉം ആപ്പിളിന് 140ല്‍ നിന്ന് 200 രൂപയുമായി വര്‍ദ്ധിച്ചു. നോമ്പ് തുറയ്ക്കുള്ള പ്രധാന ഇനങ്ങളായ കാരയ്ക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധന വില വര്‍ദ്ധനവ് മൂലം വാഹനവാടക കൂടുന്നതും വിലവര്‍ദ്ധനവിന് കാരണമാകുന്നു. ചൂട് കാലത്ത് കൂടുതല്‍ ഡിമാന്‍ഡുള്ള മുന്തിരി, ആപ്പിള്‍ ഇനങ്ങള്‍ കൂടുതല്‍ സംഭരിച്ച്‌ വെച്ച്‌ മൊത്തവ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറുകിടക്കാര്‍ ആവശ്യപ്പെടുന്ന അത്രയും തൂക്കം നല്‍കാതെ സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കൂടുതല്‍ ദിവസം സൂക്ഷിക്കുമ്പോള്‍ ആപ്പിള്‍, പപ്പായ, പഴം എന്നിവ കേടാകുന്നതും പതിവാണ്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായി ചെറുകിട കച്ചവടക്കാര്‍  പറഞ്ഞു.

No comments