Breaking News

ഭീമനടി ചിറ്റാരിക്കൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം: ചെളിക്കുളമായ ഭീമനടി നർക്കിലക്കാട് റോഡ് നാട്ടുകാർ ഉപരോധിച്ചു


ഭീമനടി: ഭീമനടി -ചെറുപുഴ- ഒടയഞ്ചാൽ മേജർ ജില്ലാ റോഡിൽ പെട്ട ഭീമനടി ചിറ്റാരിക്കൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം. ചെളിക്കുളമായ ഭീമനടി നർക്കിലക്കാട് റോഡ് നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് ഉപരോധിച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുരിതമായി മാറിയിരിക്കുകയാണ്. മൂന്നു വർഷമായി ഈ പ്രദേശത്തെ ജനങ്ങൾ യാത്ര ചെയ്യാൻ പാടുപെടുകയാണ്. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ നിർമ്മാണം വീണ്ടും ആരംഭിച്ചെങ്കിലും മണ്ണ് കട്ട് ചെയ്തപ്പോൾ കുടിവെള്ള പൈപ്പുകൾ പുറത്തുവന്നതും നിർമ്മാണത്തിന് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും നിർമ്മാണം മന്ദഗതിയിൽ ആക്കുകയായിരുന്നു. എന്നാൽ വേനൽ മഴ വന്നതോടെ എല്ലായിടത്തും ചെളി കുളങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭീമനടി കെഎസ്ഇബി ഓഫീസിലേക്ക് കയറി പോവാൻ വഴിയില്ലാത്ത സ്ഥിതിയാണിപ്പോൾ ഇവിടേക്ക് വാഹനങ്ങളിൽ വരുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായി. വരക്കാട് കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്തു എങ്കിലും ഇതുവരെയും നിർമ്മാണം ആരംഭിച്ചില്ല. ഇതിനിടയ്ക്ക് വേനൽ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് മണ്ണ് നീക്കി പെപ്പ് ഇട്ടും എങ്കിലും ഇത് താത്ക്കാലിക സംവിധാനം മാത്രമാണ്. കാലവർഷം എത്തുന്നതിനുമുമ്പ് ഒരു ലെയർ എങ്കിലും ടാറിങ് നടത്തിയില്ലെങ്കിൽ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളും ദുരിതത്തിലാകും. കാരണം കാൽനടയാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയിലേക്ക് ഈ റോഡ് മാറാനാണ് സാധ്യത. അധികൃതർ എത്രയും പെട്ടെന്ന് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഒരു പ്രദേശം തന്നെ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയാണ്. മലയോരം ഫ്ലാഷ്

No comments