Breaking News

അശോകനെ കാഞ്ഞങ്ങാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കി,കള്ളനെ കണ്ടെത്തിയ യുവാക്കൾക്ക് അഭിനന്ദനങ്ങളുമായി നാട്ടുകാർ


കാഞ്ഞങ്ങാട്: നാടിനെ മുൾമുനയിൽ നിർത്തിയ കള്ളൻ കറുകവളപ്പിലെ അശോകനെ കാഞ്ഞങ്ങാട്ടെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടുകൂടി ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച് അറസ്റ്റു ചെയ്തതിനുശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച രാത്രിയോടെ ഹോസ്ദുർഗ് സി.ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ പ്രതിയെ കൊണ്ടുവരാൻ എറണാകുളത്തു പോയിരുന്നു. മോഷണങ്ങൾ നടന്ന മടിക്കൈയിലെ സമീപപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ഡിവൈ.എസ്.പി ഓഫിസിൽ മണിക്കൂറുകളോളം അശോകനെ ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ തോട്ടിനാട്ടെ ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് മറൈൻ ഡ്രൈവിൽനിന്ന് പ്രതിയെ പൊക്കിയത്. മറൈൻ ഡ്രൈവിലേക്ക് പോയ ക്ലബ് അംഗങ്ങൾ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായാണ് അശോകനെ കാണുന്നത്. ഇവർ ഫോട്ടോയെടുത്ത് നാട്ടിലേക്ക് അയച്ചുകൊടുത്ത് കള്ളനെന്ന് ഉറപ്പാക്കി. ഇതിനിടെ നടന്നുനീങ്ങിയ അശോകനും സംഘത്തിനും പിന്നാലെ ഇവരും കൂടി. അശോകനും കൂട്ടാളിയും മൊബൈൽ കടയിൽ കയറി ഒരു മൊബൈൽ വിറ്റു. ചെറുപ്പക്കാർ പൊലീസിൽ വിവരം അറിയിച്ചതോടെ കടക്കാരനെക്കൊണ്ട് തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്തുകയറിയെങ്കിലും അശോകൻ റോഡരികിൽ കാത്തുനിന്നു. മഫ്ടിയിൽ പൊലീസ് വന്നതോടെ ചെറുപ്പക്കാർ അശോകനെ കാട്ടിക്കൊടുത്തു. ഇതോടെ മൂന്നുമാസം നീണ്ട പൊലീസി​ന്റെ നഷ്ടപ്പെട്ട മാനം മടിക്കൈയിലെ ചെറുപ്പക്കാരുടെ ഇടപെടലിൽ തിരിച്ചുകിട്ടുകയായിരുന്നു. നേരത്തെ, കോടോം ബേളൂർ പഞ്ചായത്ത് പരിധിവരെ വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം പാറപ്പുറത്താണ് മാസങ്ങളായി പൊലീസും നാട്ടുകാരും പരിശോധന നടത്തിയത്. അവസാനം ഡ്രോൺ ഉപയോ​ഗിച്ച് പല ഭാ​ഗത്തുനിന്നും ആകാശ നിരീക്ഷണം നടത്തിയിട്ടും കറുകവളപ്പിലെ അശോകൻ പതിയിരിക്കുന്ന ഭാ​ഗം മാത്രം കണ്ടെത്താൻ സാധിച്ചില്ല. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്നത് രണ്ടുമീറ്ററിൽ താഴെമാത്രം ഉയരമുള്ള കാടാണ്. വലിയ കല്ലുകൾക്കിടയിലെ വിള്ളലുകളുമുണ്ട്. ഇതിനിടയിൽതന്നെ കള്ളൻ പതുങ്ങിയിട്ടുണ്ടാകുമെന്നായിരുന്നു നാട്ടുകാരുടെ നി​ഗമനം. അന്വേഷണം പുരോഗമിക്കുന്നതി​നിടെയാണ് നാട് തേടിയ കള്ളൻ കൊച്ചിയിൽ പിടിയിലായത്.

No comments