Breaking News

യൂറോപ്പിലും അമേരിക്കയിലും പടർന്നുപിടിച്ച് കുരങ്ങുപനി; അടിയന്തരയോ​ഗം വിളിച്ച് ലോകാരോഗ്യ സംഘടന


ലണ്ടൺ: യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി പടർന്നുപിടിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുകയാണ്. നിലവിൽ യുകെ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ഇതിനായി ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. സംഘടന വൈറസ് പകരുന്നതിലും വാക്സിനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരുതുന്നതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചതായും റിപ്പോർട്ട് ഉണ്ട്. 1958ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങുകളും ഉണ്ടാകുന്നു.

ശരീര സ്രവങ്ങൾ, കുരങ്ങ് പോക്‌സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെ കുരങ്ങുപനി പടരാമെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കി. സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തിൽപെടുന്നതാണ് കുരങ്ങുപനിയെന്നതാണ് ആരോഗ്യരംഗത്തെ ആശങ്ക. 1980ൽ വസൂരി ലോകത്ത് നിന്ന് നിർമ്മാർജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്സിനേഷൻ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പോലെ രാജ്യവ്യാപകമായി പടരാൻ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.


No comments