Breaking News

തങ്കച്ചൻ ചേട്ടന്റെ സംശയം, ചുരുട്ടിയെറിഞ്ഞ ടിക്കറ്റിൽ 75 ലക്ഷം; മുറുക്കാൻ വിറ്റിരുന്ന ചന്ദ്രബാബുവിന്റെ ഫ്യൂച്ചർ പ്ലാൻ ഇങ്ങനെ


കോട്ടയം: സ്വന്തമായി കിടപ്പാടമില്ലാത്ത വൃദ്ധനെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഭാഗ്യം. മലപ്പള്ളി പൊറ്റമല മേപ്രത്ത് പി ചന്ദ്രബാബു (59)വിനാണ് ഈയാഴ്ച്ചത്തെ വിന്‍ വിന്‍ ലോട്ടറി ഒന്നാം സമ്മാനം അടിച്ചത്. ഉന്തുവണ്ടിയില്‍ മുറുക്കാന്‍ കച്ചവടം ഉപജീവനമാക്കിയ ചന്ദ്രബാബു ലോഡ്ജിലാണ് അന്തിയുറങ്ങിയിരുന്നത്. ഇനി സ്വന്തം വീട്ടില്‍ കഴിയാമല്ലോ എന്ന സന്തോഷത്തിലാണ് ഇദ്ദേഹം.'ഇനി നാട്ടിന്‍ പുറത്ത് എവിടെയെങ്കിലും ഒരു കട ഇടണം. ചെറിയ വീടും വേണം,' ചന്ദ്ര ബാബു ആഗ്രഹം പറയുന്നു. 40 വര്‍ഷം മുന്‍പ് ഹോട്ടല്‍ ജോലിക്കായാണ് ചന്ദ്രബാബു കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെത്തുന്നത്. പത്ത് വര്‍ഷം മുന്‍പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് ചന്ദ്രബാബു ഹോട്ടല്‍ ജോലി നിര്‍ത്തി. ചെറിയ ജോലികള്‍ ചെയ്തു. ഗാന്ധിനഗറിലെ വഴിയരികില്‍ മുറുക്കാന്‍ കട നടത്തിവരവേയാണ് അപ്രതീക്ഷിതമായി ഭാഗ്യമെത്തുന്നത്. അതും ചവറ്റുകൊട്ടയില്‍ നിന്ന്.

ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ചന്ദ്രബാബു ആദ്യം ചുരുട്ടി എറിയുകയാണുണ്ടായത്. തിങ്കളാഴ്ച്ചകളിലാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ്. ചൊവ്വാഴ്ച്ച രാവിലെ റിസല്‍റ്റ് പരിശോധിച്ച ചന്ദ്രബാബു ചെറിയ സമ്മാനങ്ങളുടെ നമ്പര്‍ മാത്രമാണ് നോക്കിയത്. വലിയ പ്രതീക്ഷകള്‍ ഇല്ലാതിരുന്ന ചന്ദ്രബാബു ലോട്ടറി ടിക്കറ്റ് ചുരുട്ടി വേസ്റ്റ് കവറിലേക്ക് ഇട്ടു. തട്ടുകട നടത്തുന്ന സുഹൃത്ത് തങ്കച്ചന്‍ എത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പറാണെന്ന് പറഞ്ഞു. 'ചിലപ്പോള്‍ നിനക്ക് സമാശ്വാസ സമ്മാനം അടിക്കാന്‍ സാധ്യതയുണ്ട്' എന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. ഇതുകൂടി കേട്ടതോടെ ചന്ദ്രബാബു ചവറുകള്‍ക്കിടയില്‍ നിന്ന് ടിക്കറ്റ് തപ്പിയെടുത്തു. വീണ്ടും ഒത്തു നോക്കിയപ്പോള്‍ അടിച്ചിരിക്കുന്നത് ഒന്നാം സമ്മാനമായ 75 ലക്ഷം. മെഡിക്കല്‍ കോളേജിനടുത്തുള്ള കേരള ബാങ്കിന്റെ ഗാന്ധിനഗര്‍ ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പിച്ചിരിക്കുകയാണ് ചന്ദ്രബാബു. അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്.


No comments