Breaking News

പോപ്പുലർഫ്രണ്ട് റാലിക്കിടെ മത വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്


ആലപ്പുഴ :പോപ്പുലർ ഫ്രണ്ട് റാലിക്കിടെ (popular front rally)വിദ്വേഷ മുദ്രാവാക്യം(hare slohan) വിളിച്ച കുട്ടിയുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. പ്രകടനം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് ആയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത് , എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി.
പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതെന്നാണ് അൻസാർ മൊഴി നൽകിയിരിക്കുന്നത്. അൻസാറിൻ്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്

ആലപ്പുഴ വിദ്വേഷ മുദ്രാവാക്യം: പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ


ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പ്രകടനത്തിൽ പാടില്ലെന്നായിരുന്നു, പ്രകടനത്തിന് അനുമതി നൽകി പൊലീസ് മുന്നോട്ട് വെച്ച വ്യവസ്ഥകളിലൊന്ന്.

മുദ്രാവാക്യം വിളിച്ചു കൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വൈകിട്ട് ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.

മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ പുലര്‍ച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അന്‍സാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനെയും നവാസിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.

No comments