കാത്തിരിപ്പിന് വിരാമം എളേരിയിലെ മാധവിക്കും ചാമക്കുഴിയിലെ സന്ധ്യയ്ക്കും പട്ടയം ലഭിച്ചു
കാസര്‍കോട് : വെസ്റ്റ് എളേരി വില്ലേജിലെ കാളിയാനം തട്ടിലെ കാനത്തില്‍ മാധവിയുടെ നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. കഴിഞ്ഞ നാല്‍പതു വര്‍ഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി പലതവണ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയായിരുന്നു മാധവിയും കുടുംബവും. 15 വര്‍ഷത്തിലേറെയായി ഇവര്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയിട്ട്. എന്നാല്‍ ഈ കാത്തിരിപ്പിനാണ് ഇന്ന് വിരാമമായിരിക്കുന്നത്. നിറഞ്ഞ കണ്ണുകളോടെപട്ടയം കൈപ്പറ്റി ഏറെ സന്തോഷത്തോടെ അവര്‍ വീട്ടിലേയ്ക്ക് മടങ്ങി.
കാലിച്ചാനടുക്കം മൂപ്പില്‍ ചാമക്കുഴി സന്ധ്യയുടെയും പവിത്രന്റെയും 15 വര്‍ഷത്തിനു മുകളിലുള്ള കാത്തിരിപ്പിന്റെ ഫലമാണ് പട്ടയമായി സന്ധ്യ എറ്റു വാങ്ങിയത്. രണ്ടു വര്‍ഷത്തോളമായി കാന്‍സര്‍ രോഗബാധിതയാണ് സന്ധ്യ. സന്ധ്യയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് പവിത്രനും പത്തിലും ഒന്നിലും പഠിക്കുന്ന രണ്ടു മക്കളും ആസ്ബറ്റോസ് കൊണ്ട് നിര്‍മിച്ച കുടിലിലാണ് താമസം. സഹൃദയരായ നാട്ടുകാരുടെയും മറ്റും സഹായത്തിലാണ് സന്ധ്യയുടെ ചികിത്സ നടന്നു വരുന്നത്.ചികിത്സയ്ക്കും മറ്റു വലിയ തുക ആവശ്യമായിരിക്കെ തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീട് എന്നത് ഈ കുടുംബത്തിന്റെ സ്വപ്നമായിരുന്നു.ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ വീട് വച്ചു നല്‍കാന്‍ തയ്യാറായ പലരുടെയും സഹായങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. രോഗത്തിന്റെ വേദനയിലും സ്വന്തമായി ഒരു സ്ഥലം ഇവര്‍ക്ക് സന്തോഷം നല്‍കുന്നു.
No comments