Breaking News

അപകടാവസ്ഥയിൽ ബളാൽ-അരീക്കര റോഡ് വിദ്യാർത്ഥികളടക്കം കടന്നു പോകുന്ന റോഡിൻ്റെ അരികുകൾ ഇടിഞ്ഞ് വലിയ കുഴിയായി മാറി


ബളാൽ : ബളാൽ വില്ലേജ് ഓഫീസിന് സമീപത്തുകൂടി പോകുന്ന ബളാൽ അരീക്കര റോഡ് തകർന്ന് അപകടാവസ്ഥയിലാണ്. ദിവസേന സ്കൂൾ വിദ്യാർഥികൾ അടക്കം നൂറ് കണക്കിന് ആളുകളാണ് ഈ വഴി നടന്നു പോകുന്നത്. ജലസേചനത്തിനു വേണ്ടി റോഡിന്റെ അരികിൽ കൂടി കുഴിയെടുത്ത് പൈപ്പ് ഇട്ടപ്പോഴാണ്,15 അടിയിൽ കൂടുതൽ ആഴമുള്ള ഗർത്തം രൂപപ്പെട്ടത്. രണ്ട് വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിനെ ബന്ധപ്പെട്ട അധികാരികൾ പാടെ അവഗണിച്ച മട്ടാണ്. ഒട്ടേറെ പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന അരീക്കര പ്രദേശത്ത് എത്താനുള്ള റോഡാണിത്. ബളാൽ രജിസ്റ്റർ ഓഫീസ്, ടെലഫോൺ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ വഴിയിലാണ് സ്ഥിതിചെയ്യുന്നത്.

 പെരുമഴയത്ത് ഈ വഴിയിൽ കൂടിയുള്ള യാത്ര അപകടം വിളിച്ചുവരുത്തുമെന്നതിൽ സംശയമില്ല.

പൊതുമരാമത്ത് ഏറ്റെടുത്ത റോഡായതു കൊണ്ട് പഞ്ചായത്തിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.

 അടിയന്തരമായി റോഡിന്   പാർശ്വഭിത്തികൾ കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപെടുന്നത്

No comments