Breaking News

മലയോര മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കർണാടകയിലെ കുടകാണെന്ന് വിദഗ്ദർ


ചെറുപുഴ :  കര്‍ണാടകയിലെ കുടകാണ് മലയോര മേഖലയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുള്ള്യയയില്‍ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്നും 42 കിലോമീറ്ററും അകലെയാണ്.

കുടകില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. വിള്ളലുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 25നും ഇത്തരത്തില്‍ കാസര്‍കോട് ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.


ഇന്ന് രാവിലെ 7.50ഓടെയാണ് കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഈ സമയത്ത് ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായും വീടുകളിലെ ചെറിയ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും അനക്കമുണ്ടായതായും  കാലിലൂടെ വൈദ്യുത പ്രവാഹം പോലെ തരിപ്പുണ്ടായതായും നാട്ടുകാർ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.


No comments