Breaking News

ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ്‌വൺ വിദ്യാർഥിനി ദേവനന്ദയുടെ വീട് നിയമസഭസമിതി സന്ദർശിച്ചു


ചെറുവത്തൂർ:നിയമസഭാ സമിതി കാസർകോട് കളക്ടറേറ്റില്‍ യോഗം ചേർന്നു.അധ്യക്ഷൻ പ്രമോദ് നാരായണൻ എം എൽ എയുടെ നേതൃത്വത്തിൽ ,

ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ്‌വൺ വിദ്യാർഥിനി ഇ.വി.ദേവനന്ദയുടെ വീട് സമിതി സന്ദർശിച്ചു. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മേയ് ഒന്നിനാണ് ഭക്ഷ്യവിഷബാ ധയേറ്റ് മരിച്ചത്.

കരിവെള്ളൂർ പെരളത്തെ  പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകളായിരുന്നു ഇ.വി.ദേവനന്ദ. ചെറുവത്തൂർ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് സമിതി സന്ദർശനം നടത്തിയത്.


ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളപ്പോൾ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമ സഭാ സമിതി 

തെളിവെടുപ്പ് നടത്തുന്നത്. പിഴവുകളില്ലാതെ ഈ നിയമങ്ങൾ നടപ്പിലാക്കുകയും ഇതു സംബന്ധിച്ച ജനകീയ അവബോധം സൃഷ്ടിക്കാനുമുളള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ് ഈ സന്ദർശനം. ഇത്തരമൊരു സംഭവമുണ്ടായ ജില്ല എന്നത് കണക്കിലെടുത്താണ്  കാസർകോട് നിന്ന് തന്നെ ഈ തെളിവെടുപ്പ് ആരംഭിച്ചത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധന നടത്തി വരുന്ന പതിവ് ശീലത്തിന് അപ്പുറം സമഗ്രമായ ഇടപെടൽ ഉറപ്പാക്കണമെന്ന്  വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണത്തിന് പകരം രോഗവും മരണവും വിളമ്പുക എന്നത് മാപ്പർഹിക്കാത്ത അപരാധമാണ്.  അത്തരം ആളുകൾക്ക് നൽകുന്ന നടപടികളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.വളരെ ഗൗരവത്തിലാണ് ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പരമാവധി ശിക്ഷ കുറ്റവാളികൾക്ക് നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകും. ഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കുന്നതിന് പകരം ലാഭം ഉണ്ടാക്കുകയെന്ന് കരുതുന്ന ആളുകളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നമുക്ക് കഴിയണമെന്നും പ്രമോദ് നാരായണൻ എം എൽ എ  പറഞ്ഞു. ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഇടം മുതൽ വിതരണം ചെയ്യുന്ന സ്ഥലം വരെയുള്ള  ശൃംഖലയിൽ ഇടപെടാൻ വകുപ്പുകൾക്ക് കഴിയണം. സമഗ്രമായ റിപ്പോർട്ട് സന്ദർശനത്തിന് അടിസ്ഥാനത്തിൽ നിയമസഭയിൽ സമർപ്പിക്കുമെന്നും അറിയിച്ചു. കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അഗങ്ങളായ കെ. പ്രേം കുമാര്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എന്നിവരും എ.ഡി.എം എ.കെ രമേന്ദ്രന്‍,  തുടങ്ങിയവര്‍ സന്ദർശനത്തിൽ പങ്കെടുത്തു. എം. രാജഗോപാലൻ എംഎൽഎ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, വൈസ് പ്രസിഡന്റ് പി.വി രാഘവൻ, സെക്രട്ടറി എ.കെ മനോജ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി പത്മിനി, കെ രമണി,  സി വി ഗിരീഷ് തുടങ്ങിയവരും സംഘത്തിനൊപ്പം  ഉണ്ടായിരുന്നു.

No comments