Breaking News

പെരിയ കേരള കേന്ദ്രസർവ്വകലാശാല സീറ്റുകൾ വെട്ടിക്കുറിച്ചു സർവ്വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ


ബിരുദ-ബിരുദാനന്തര വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ വെട്ടിക്കുറച്ച് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാല. 20 മുതല്‍ 40 ശതമാനം വരെയാണ് സീറ്റുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം യുജിസി നിഷ്‌കര്‍ഷിച്ച രീതിയിലാക്കാനാണ് സീറ്റുകള്‍ കുറച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.


ബിരുദാനന്തര കോഴ്സുകള്‍ക്ക് 1384 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. പുതിയ അദ്ധ്യയന വര്‍ഷം ഇത് 1070 മാത്രമാകും. 314 സീറ്റുകളുടെ കുറവാണ് ഇതോടെയുണ്ടാവുന്നത്. ബിരുദാനന്തര കോഴ്സുകള്‍ക്ക് സീറ്റ് 50 ല്‍ നിന്ന് 40 ആക്കിയാണ് കുറച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ ഏക ബിരുദ കോഴ്സായ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് 63 സീറ്റുണ്ടായിരുന്നു. ഇത് 40 ആക്കി. എംഎഡ് സീറ്റും 63 ല്‍ നിന്ന് 40 ആക്കി. എംഎസ്‌സി മാത്സ് വിഭാഗത്തില്‍ സീറ്റുകള്‍ 50 നിന്നും 30 ആക്കിയാണ് കുറച്ചത്. സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി തുടങ്ങിയ എംഎസ്‌സി കോഴ്സുകളുടെ സീറ്റ് 38 ല്‍ നിന്ന് 30 ആക്കിയാണ് കുറച്ചിരിക്കുന്നത്. യുജിസി നിഷ്‌കര്‍ഷിച്ച 1:10 എന്നതിലും കൂടുതലാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതമെന്നും ഇതനുസരിച്ച് സീറ്റുകള്‍ ക്രമീകരിക്കുകയാണ് ചെയ്തതെന്നുമാണ് കേന്ദ്ര സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം ലാബ്, ഡെസര്‍ട്ടേഷന്‍ എന്നിവയില്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു. സീറ്റുകള്‍ കുറച്ചത് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും.


No comments