Breaking News

'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കളിപ്പാവകളല്ല കര്‍ഷകര്‍': വെള്ളരിക്കുണ്ടിൽ നടന്ന കര്‍ഷക പ്രതിഷേധ സംഗമം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കളിപ്പാവകളല്ല കര്‍ഷരെന്നും കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ നടന്ന കര്‍ഷക പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലനില്‍പ്പിന് വേണ്ടി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരോട് കാണിക്കുന്ന അനീതി വച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി അണി നിരക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കര്‍ഷകരാണ് നാടിന്റെ ജീവന്‍. ആ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്. തേങ്ങയ്ക്ക് അമ്പതു തൂപ താങ്ങുവില നിശ്ചയിച്ച് തേങ്ങാ സംഭരിക്കുക, റബ്ബറിന് വിപണിയില്‍ വിലയില്ലാത്ത അവസ്ഥയില്‍ 250 രൂപ തറവില നിശ്ചയിച്ച് വിപണിയിലെ വിലയ്ക്ക് ശേഷമുള്ള തുക സബ്‌സീഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിലും തുടര്‍ന്ന് നടന്ന സംഗമത്തിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി , അഡ്വ.സോണി സെബാസ്റ്റ്യന്‍ ,ഹക്കിം കുന്നില്‍ ,ഗോവിന്ദന്‍ നായര്‍ ,കരിമ്പില്‍ കൃഷ്ണന്‍ ,കെ.വി.ഗംഗാധരന്‍ ,വിനോദ് കുമാര്‍ , സെബാസ്റ്റ്യന്‍ പതാലില്‍ ,ടോമി പ്ലാച്ചേരി ,ഹരീഷ് പി നായര്‍ ,പ്രദീപ് കുമാര്‍ , മീനാക്ഷി ബാല കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ് , പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രാജു കട്ടക്കയം സ്വാഗതം പറഞ്ഞു.




No comments