Breaking News

നിരോധിത പാൻമസാല ഉല്പന്നങ്ങളുമായി യുവാവിനെ വീണ്ടും ചന്തേര പോലീസ് പിടികൂടി


തൃക്കരിപ്പൂർ: കേരളത്തിൽ നിരോധിച്ച പാൻ മസാല ഉല്പന്നങ്ങളുമായി മാടക്കാൽ സ്വദേശിയായ എം.കെ മുനീറിനെ ചന്തേര സബ്ബ് ഇൻസ്പെക്റ്റർ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഉടുമ്പുന്തല കണ്ണങ്കൈ വായനശാലയ്ക്ക് സമീപം വെച്ചാണ് പാൻ മസാല ഉല്പന്നങ്ങളുമായി മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ കൂടാതെ സി പി ഒ മാരായ സുധീഷ് പി.പി., ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു. പയ്യന്നൂരിലുള്ള മൊത്തവിതരണക്കാരനിൽ നിന്നും ഇവ ശേഖരിച്ച് തൃക്കരിപ്പൂർ, വലിയ പറമ്പ മാടക്കാൽ , പടന്ന എന്നിവിടങ്ങളിൽ എത്തിച്ച് ഇട നിലക്കാരെ വെച്ച് വിതരണം നടത്തിക്കൊണ്ടിരുന്നതിൽ പ്രധാന കണ്ണിയാണ് മുനീർ . സ്കൂളുകൾ കേന്ദ്രീകരിച്ചും കടലിൽ പോകുന്ന തൊഴിലാളികൾക്കും മറ്റും ആവശ്യപ്പെടുന്നത്രയും എത്തിച്ച് കൊടുത്തതിന് രണ്ട് മാസം മുമ്പ് മുനീറിനെ നടക്കാവിൽ വെച്ച് ഒരു ചാക്ക് പാൻ മസാല ഉല്പന്നങ്ങളുമായി പോലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ഇത്തരം വ്യാപാരത്തിലേർപ്പെടുന്നവരെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിനു  ലഭിക്കുന്ന രഹസ്യ വിവരം വെച്ചാണ് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഒരിക്കൽ കേസിലകപ്പെട്ട് നിയമ നടപടികൾക്ക് വിധേയനായിട്ടും ഒട്ടും കൂസാതെ നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്താനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

No comments