Breaking News

എളമരം കരീമിന്റെ പരാതിയിൽ ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ ക്രിമിനൽ കേസ്; അറിഞ്ഞത് പാസ്പോർട്ട് പുതുക്കലിനിടെയെന്ന്


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ വിനു വി ജോണിനെതിരെ കേസ്. രാജ്യസഭാ എംപി എളമരം കരീമിന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 30 ന് വിനു തന്‍ററെ 'ന്യൂസ് അവർ' ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം. എന്നാല്‍ കേസിനെക്കുറിച്ച് ഈയിടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചപ്പോഴാണ് വിനു വി ജോണ്‍ അറിയുന്നത്. വിനുവിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടെന്ന് കാട്ടി പൊലീസ് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയക്കുകയായിരുന്നു.

മാര്‍ച്ച് 30 ന് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ഒരു മാസത്തിനിപ്പുറം ഏപ്രില്‍ 28 നാണ് പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരം പ്രേരണകുറ്റം, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ കേസ് പ്രതികാരനടപടിയാണെന്ന് പ്രതികരിച്ച വിനു വി ജോണ്‍ വാര്‍ത്ത ട്വീറ്റ് ചെയ്തു. കേസിന് കാരണമായ വീഡിയോ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഏറ്റവും മുകളിലായി പിന്‍ ചെയ്തുവെച്ചിട്ടുണ്ട്.

അഖിലേന്ത്യാ പണിമുടക്കിനോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് നടത്തിയ ന്യൂസ് അവർ ഡിബേറ്റിലാണ് കേസിനാപ്‌സദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പണിമുടക്കില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന തരത്തില്‍ സിഐടിയു നേതാവ് കൂടിയായ എളമരം കരീം പ്രതികരിച്ചിരുന്നു. എളമരം കരീം പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ ആരോപിച്ചു. ചര്‍ച്ച തുടങ്ങുന്നതിന് മുമ്പുള്ള ആമുഖത്തില്‍ എളമരം കരീമിനോ കുടുംബത്തിനോ നേര്‍ക്കാണ് അക്രമം നടന്നതെങ്കില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് വിനു വി ജോണ്‍ വിമര്‍ശിച്ചു.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേധമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,' എന്നായിരുന്നു വിനു വി ജോണ്‍ ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. പണിമുടക്ക് ദിവസം തിരൂരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി പണിമുടക്ക് അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ 'മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്, അന്ന് റോഡിലിറങ്ങിയിട്ട് പിച്ച് മാന്തി എന്നൊക്കെ പറഞ്ഞുവരികയാണ്' എന്നാണ് എളമരം കരീം പ്രതികരിച്ചത്. ഈ പരാമര്‍ശത്തിലായിരുന്നു വിനുവിന്റെ മറുപടി.

No comments