Breaking News

'കെഎസ്ഇബിയിൽ കെടുകാര്യസ്ഥതയും അഴിമതിയും'; ബാധ്യത സാധാരണക്കാരന്റെ തലയിൽക്കെട്ടിവെക്കുന്നുവെന്ന് വി ഡി സതീശൻ


തിരുവനന്തപുരം: കെഎസ്ഇബിയില്‍ അഴിമതിയും കെടുകാര്യസ്ഥതയും രൂക്ഷമായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടാകുന്ന ബാധ്യത സാധാരണക്കാരന്റെ തലയില്‍ക്കെട്ടിവെക്കുകയാണെന്നും വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. വൈദ്യുതി ബോര്‍ഡ് തുടര്‍ച്ചയായി അഞ്ചുകൊല്ലം ലാഭത്തിലാണെന്ന ദേശാഭിമാനി വാര്‍ത്ത പരാമര്‍ശിച്ച പ്രതിപക്ഷനേതാവ്, ലാഭമുണ്ടാകുമ്പോള്‍ ലാഭ വിഹിതം ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും പറഞ്ഞു. കണക്കനുസരിച്ച് 40 പൈസ യൂണിറ്റില്‍ കുറവ് നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി നഷ്ടത്തില്‍ തന്നെയാണെന്നായിരുന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം.

സര്‍ക്കാര്‍ ഒന്നുകില്‍ ദേശാഭിമാനി വാര്‍ത്തയെ തള്ളിപ്പറയണം അല്ലെങ്കില്‍ മന്ത്രിയെ തള്ളിപ്പറയണമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. ലാഭമുണ്ടാകുന്നുവെന്ന് ഒരുവശത്ത് അവകാശപ്പെടുകയും, അതിന്റെ ക്രെഡിറ്റ് മുഴുവന്‍ എടുക്കുകയും, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയതിന്റെ അക്കൗണ്ടില്‍ വൈദ്യുതി ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തുകയും, ആളുകളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍, ബോര്‍ഡ് നഷ്ടത്തിലാണ് പ്രതിസന്ധിയിലാണ് എന്നൊക്കെ പറയുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

'കെടുകാര്യസ്ഥത മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കുടിശിക വലിയ തുകയിലേക്ക് പോകുകയാണ്. അത് പിരിച്ചെടുത്താല്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ പറ്റും. ഇതില്‍ വൈദ്യുതി ബോര്‍ഡ് ദയനീയ പരാജയമായി മാറുന്നു. കെഎസ്ഇബിയില്‍ ഇത്രമാത്രം അഴിമതി നടക്കുന്ന ക്രമക്കേടുകള്‍ നടക്കുന്ന സമയമുണ്ടായിട്ടില്ല. ഇതിന്റെയെല്ലാം ബാധ്യത സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുകയാണ്. ഇതെല്ലാം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അഴിമതിക്കാരെ സഹായിച്ചു, കരാര്‍ വിളിക്കുന്നതിലും ക്രമക്കേടുണ്ട്', വി ഡി സതീശന്‍ ആരോപിച്ചു.

No comments