ആസാദ് കശ്മീർ പരാമർശം: കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
പത്തനംതിട്ട: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിൽ കെ ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. വിഷയത്തിൽ പത്തനംതിട്ട കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയിൽ ഹർജി നൽകിയതെന്ന് അരുൺ മോഹൻ വ്യക്തമാക്കി. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി കീഴ് വായ്പൂര് എസ്.എച്ച് ഒയ്ക്ക് നിർദേശം നൽകി. Also Read -
പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീൽ കുറിപ്പിൽ പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലാണ് എഴുതിയത്. അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നുമുളള പ്രതികരണവുമായി ജലീൽ രംഗത്തു വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കായി അത് പിൻവലിക്കുകയാണെന്നും ജലീൽ പറഞ്ഞു. വിവാദമായ പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും ബിജെപിയും വിമർശനവുമായി രംഗത്തെത്തി. പിന്നീട് സിപിഐഎമ്മും അമർഷം അറിയിച്ചതോടെയാണ് ജലീൽ പരാമർശം പിൻവലിച്ചത്. മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിർപ്പ് പരസ്യമാക്കിയിരുന്നു.
No comments