Breaking News

സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ അവാർഡ് കാസർഗോഡ് ജില്ലാ പഞ്ചായത്തിന്


സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കുള്ള 2021 ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനാണ് അവാര്‍ഡ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തി പത്രവും ആണ് അവാര്‍ഡായി നല്‍കുന്നത്.


2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് 2021 വര്‍ഷത്തെ അവാര്‍ഡിനായി പരിഗണിച്ചത്. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായും വൈദ്യുതി ബോര്‍ഡ് സി എം ഡി, അനെര്‍ട്ട് സി ഇ ഒ, ഇ എം സി ഡയറക്ടര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളായും രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല മോണിട്ടറിംഗ് കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള മേല്‍നോട്ട ചുമതല നിര്‍വ്വഹിച്ചത്. പ്രസ്തുത മോണിട്ടറിംഗ് കമ്മറ്റി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹാരയവരെ കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേനയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.


പൊതുമേഖലാ സ്ഥാപന വിഭാഗത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് അവാര്‍ഡ് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡിന് സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്), എറണാകുളം, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, എറണാകുളം എന്നിവര്‍ അര്‍ഹരായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, തിരുവനന്തപുരം, എയ്ഞ്ചല്‍ ഏജന്‍സീസ്, ആലപ്പുഴ എന്നിവര്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടു. ശ്രീ. മുഹമ്മദ് ഷഫീഖ്. എന്‍, ഇല്യൂമിന്‍ എനര്‍ജി സൊല്യൂഷന്‍സ്. എറണാകുളം യുവ സംരംഭകനുളള അവാര്‍ഡ് നേടി. അക്ഷയ ഊര്‍ജ്ജ സേവന ദാതാക്കള്‍ വിഭാഗത്തില്‍ ഇന്‍കെല്‍ ലിമിറ്റഡിനാണ് അവാര്‍ഡ്.


No comments