Breaking News

ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യദിന സന്ദേശം പൊതുസേവനത്തിലൂടെ മഹത്തരമാക്കി മാലോം പറമ്പയിലെ ബിനു ജോണും മക്കളും


വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം നാടെങ്ങും ആഘോഷിക്കപ്പെടുന്ന വേളയിൽ ഇവിടെ മലയോരത്തെ ഒരു ഗൃഹനാഥൻ സ്വാതന്ത്യദിന സന്ദേശം പൊതു സമൂഹത്തിന് പകർന്നു നൽകുന്നത് സ്വന്തം പ്രവർത്തിയിലൂടെയാണ്.  സ്വന്തം നാടിൻ്റെ സേവനം തന്നെയാണ് രാഷ്ട്ര സേവനം എന്ന തിരിച്ചറിവാണ് വെസ്റ്റ്എളേരി പറമ്പയിലെ ബിനുജോൺ തുരുത്തേൽ ഈ നാട്ടിൻപുറത്തുകാരൻ തൻ്റെ പ്രവൃത്തിയിലൂടെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്നത്.

സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടത് പതാക ഉയർത്തി സല്യൂട്ട് ചെയ്തതു കൊണ്ടു മാത്രമല്ല നാടിന് ഉപകാരപ്പെടുന്ന പ്രവൃത്തി കൂടി ചെയ്യുമ്പോഴാണ് അത് പൂർണ്ണതയിലെത്തുന്നത് എന്ന വിശ്വാസമാണ് ബിനു ജോൺ തൻ്റെ അഞ്ച് മക്കളുമായി ഇന്ന് പൊതുസേവനത്തിനിറങ്ങിയത്.


ബിനു ജോൺ തൻ്റെ മക്കളായ സാനിയ ബിനു, ധനുഷ ബിനു, ജാൻസിയാ ബിനു, എയ്ഞ്ചൽ ബിനു, നിയോൺ ബിനു എന്നിവരുടെ സഹായത്തോടെ സ്വന്തം വീടിൻ്റെ മുന്നിലൂടെ കടന്നുപോകുന്ന എളേരിത്തട്ട്  പറമ്പ റോഡിൽ മണ്ണും മാലിന്യങ്ങളും മൂടി തടസപ്പെട്ട് കിടന്ന ഓവുചാലുകൾ വൃത്തിയാക്കിയെടുത്തു. ഈ റോഡരികിലുള്ള ഓവുചാലിൽ കാടുകളും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ചെളിയും  നിറഞ്ഞു കിടന്ന് മഴവെള്ളം ഒഴുകി പോകാൻ കഴിയാതെ തടസ്സപ്പെട്ട നിലയിലായിരുന്നു. ഇങ്ങനെ  മാലിന്യം നിറഞ്ഞു കിടന്നാൽ അടുത്ത മഴക്കാലത്ത് വീണ്ടും ഓടകൾ നിറഞ്ഞ് കവിഞ്ഞ് മഴവെള്ളം റോഡിലേക്ക് കയറിയൊഴുകുന്ന സാഹചര്യം ഉണ്ടാകും അത് റോഡിന്റെ നാശത്തിന് തന്നെ കാരണമാകും. ഈ സാഹചര്യത്തിലാണ് ബിനു ജോണും കുട്ടികളും  റോഡരികിലെ ഓവുചാലിൽ ഇറങ്ങി  കാടുകളും വള്ളികളും  വെട്ടിതെളിച്ച് ചെളിയും മാലിന്യങ്ങളും കോരി മാറ്റി മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കിയത്. 


വായു മലിനമാക്കാതെ, ജലാശയങ്ങളും പുഴകളും മലിനമാക്കാതെ ഭക്ഷണത്തിൽ മായം ചേർക്കാതെ നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് മാതൃകയാവണം.

പൊതുമുതലുകൾ  എന്റേത് കൂടിയാണെന്നും, അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നുമുള്ള ഉത്തമ ബോധത്തോടെ ഒരു തലമുറ വളർന്നു വരുവാൻ നാം സാഹചര്യമൊരുക്കണമെന്നാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ ബിനു നൽക്കുന്ന സന്ദേശം. നിരവധി പുരസ്ക്കാരങ്ങൾ നേടിയ ജില്ലയിലെ അറിയപ്പെടുന്ന ജൈവകർഷകൻ കൂടിയാണ് ബിനു ജോൺ തുരുത്തേൽ. Malayoram Flash news special


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്






No comments