Breaking News

വൈകല്യങ്ങളെ തോൽപ്പിച്ച് ചായ്യോം ഇടിച്ചൂടിയിലെ ശ്യാംമോഹൻ ഡൽഹിയിൽ നടക്കുന്ന സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൻ്റെ ഗോളിയാണ് ശ്യാം മോഹൻ


ചായ്യോം: ശ്യാം മോഹൻ്റെ മനസ്സിൽ ഇപ്പോൾ ഫുട്ബോൾ മാത്രമാണുള്ളത്. സെറിബ്രൽ പാഴ്സി ജീവിതത്തിൽ  വില്ലൻ വേഷം എടുത്തണിഞ്ഞപ്പോഴും  ഇച്ഛാശക്തി കൊണ്ടാണ് ശ്യാം മോഹൻ അതിനെ നേരിട്ടത്. 25 മുതൽ 28 വരെ ഡൽഹിയിൽ നടക്കുന്ന സെറിബ്രൽ പാൾസി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൻ്റെ ഗോളി ആണ് ഈ ചെറുപ്പക്കാരൻ.  ജീവിതത്തിൽ ആദ്യമായി കേരളത്തിനു പുറത്ത് ഒരു കായിക മത്സരത്തിൽ പങ്കെടുക്കാൻ ആവുന്നതിൻ്റെ സന്തോഷത്തിലാണ് ശ്യാംമോഹൻ ഇപ്പോൾ.


ആലപ്പുഴയിൽ നടക്കുന്ന പരിശീലനത്തിനു ശേഷം 22ന് ശ്യാം മോഹൻ ഡൽഹിയിലേക്ക് പുറപ്പെടും. കാസർകോട് ചെർക്കളയിൽനിന്ന് ഹമീദ് എന്ന ചെറുപ്പക്കാരനും കേരള ടീമിൽ ഇടം നേടിയിട്ടുണ്ട്. ഗോൾ കീപ്പിങ്ങ് ആണ് ശ്യാം മോഹൻ്റെ ഇഷ്ട മേഖല. ചായ്യോത്ത് ടാസ്ക് ക്ലബ്ബ് ഫുട്ബോൾ അക്കാദമി പരിശീലകൻ ഇബ്രാഹിമാണ് ശ്യാം മോഹന് പരിശീലനം നൽകുന്നത്. ഫുട്ബോൾ പ്രണയം പോലെ ക്രിക്കറ്റും ലഹരിയാണ് ശ്യാമിന്. യാത്രാ ചിലവും പരിശീലനത്തിനാവശ്യമായ സാമ്പത്തിക ചിലവുകളുമൊക്കെ താങ്ങാനാകാതെ വന്നതോടെ നിരവധി സംഘടനകൾ ശ്യാം മോഹന് സഹായവുമായി എത്തിയിട്ടുണ്ട്. മുളിയാർ അക്കര ഫൗണ്ടേഷനാണ് ശ്യാം മോഹനാവശ്യമായ എല്ലാ സഹായങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്. കിനാനൂർ ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലന കിറ്റും  സ്പോൺസർ ചെയ്തു. എ.ഐ.വൈ.എഫിൻ്റെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനോടകം തന്നെ നിരവധി അനുമോദനങ്ങളും ശ്യാം മോഹൻ ഏറ്റുവാങ്ങി.


കഴിഞ്ഞ രണ്ടു വർഷമായി ഹോസ്ദുർഗ് ബി. ആർ സിയിൽ സ്പെഷ്യൽ എജ്യൂക്കേറ്ററായി ജോലി ചെയ്തുവരികയാണ് ശ്യാം. കാസർകോട് വിദ്യാനഗറിലെ സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷമാണ് ഇവിടെ നിയമിതനായത്. ഇരുകാലുകൾക്കും ബലക്കുറവുള്ള ശ്യാം ഭിന്നശേഷിക്കാരുടെ ജില്ലാ ക്രിക്കറ്റ് ടീമിൽ ബാറ്റ്സ്മാനാണ്. ശാരീരിക പരിമിതികൾ കൂസാതെ ചെറുപ്പം മുതൽ ഫുട്ബോൾ കളിക്കാൻ ശ്രമിക്കുമായിരുന്നു.


ചായ്യോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്  എസ്.എസ്.എൽ.സിയും പ്ലസ് ടുവും പാസായത്. തുടർന്ന് കയ്യൂർ ഐ.ടി.ഐയിൽ  ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്ക് ചേർന്നെങ്കിലും  തുടർന്നില്ല. ബങ്കളം കക്കാട്ട് ഗവ. ഹൈസ്കൂളിന് സമീപം ദേവു ഹോട്ടലിലെ ജീവനക്കാരൻ എൻ. പി മോഹൻ്റെയും കിനാനൂർ-കരിന്തളം കൊല്ലംപാറ മോഡേൺ ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായ ശോഭനയുടെയും മകനാണ് ശ്യാം.  അനഘയാണ് ഭാര്യ.

ശില്പ, ശോഭിത എന്നിവരാണ് സഹോദരങ്ങൾ. ഒരു സർക്കാർ ജോലിയെന്നതാണ് ശ്യാമിൻ്റെ സ്വപ്നം.

No comments