Breaking News

അവിവാഹിതരേ ഇതിലേ; 'നവമാംഗല്യം' പദ്ധതിയുമായി കണ്ണൂർ പട്ടുവം പഞ്ചായത്ത്


കണ്ണൂര്‍: അവിവാഹിതരായ സ്ത്രീ-പുരുഷന്മാരുടെ വിവാഹത്തിന് അവസരമൊരുക്കി കണ്ണൂര്‍ പട്ടുവം പഞ്ചായത്ത്. വിവാഹത്തിനായി സാഹചര്യങ്ങള്‍ അനുകൂലമാകാതെ അവിവാഹിതരായി തുടരുന്നവരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് 'നവമാംഗല്യം' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വിവാഹത്തിനായി ഒരു പദ്ധതി ഏറ്റെടുക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ 13 വാര്‍ഡിലുമായി ശരാശരി 10 മുതല്‍ 15 വരെ സ്ത്രീ പുരുഷന്മാര്‍ അവിവാഹിതരായി തുടരുന്നെന്ന് കണ്ടെത്തിയിരുന്നു. ഗ്രാമസഭകളിലും ഇത് ചര്‍ച്ചാ വിഷയമായപ്പോഴാണ് ഒരു പരിഹാരത്തേക്കുറിച്ച് പഞ്ചായത്ത് ചിന്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതിയുടെ നേതൃത്വത്തില്‍ 2022-23 പദ്ധതിയില്‍ വിഷയം ഉള്‍പ്പെടുത്തി. എതിര്‍പ്പുകളില്ലാതെ അംഗീകരിക്കപ്പെട്ട പദ്ധതിക്ക് താല്‍ക്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. വിവിധപ്രദേശങ്ങളിലെ അംഗങ്ങള്‍ക്കും വരനെയും വധുവിനെയും അന്വേഷിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചറിഞ്ഞ മറ്റ് പഞ്ചായത്തുകളും അന്വേഷണവുമായെത്തിയെന്ന് പ്രസിഡന്റ് പറയുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടമായി വിപുലമായ സര്‍വ്വേ നടത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ 35 വയസ്സ് കഴിഞ്ഞ അവിവാഹിതരുടെ പട്ടിക തയ്യാറാക്കും. പരസ്പരം കാണാനും പരിചയപ്പെടാനും താല്‍പര്യമുള്ളവര്‍ക്കായി പഞ്ചായത്ത് അവസരമൊരുക്കും. വിവാഹാവശ്യത്തിന് പഞ്ചായത്ത് ഹാള്‍ വിട്ട് നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കുകയും ചെയ്യും. സര്‍വ്വേയ്ക്കും മറ്റുമായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയില്‍ യുവജനക്ഷേമ ബോര്‍ഡും, ഐസിഡിഎസ് പ്രതിനിധികളും ഉണ്ടാകും.

No comments