Breaking News

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ദർപ്പണം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി എം.വി ഗോവിന്ദൻ


കാസർഗോഡ്: ദർപ്പണം പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയാകുന്ന ഒരു പ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത്  തുടക്കം കുറിച്ചിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2001 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ദർപ്പണം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ സാഹചര്യങ്ങള്‍ മൂലം മുഖ്യധാരയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സ്ത്രീകളെ നൈപുണ്യ വികസനത്തിലൂടെ തൊഴിലിലേക്കും ബിരുദത്തിലേക്കും നയിക്കുന്ന ദര്‍പ്പണം പദ്ധതി വിദ്യാനഗർ അസാപ് സ്കിൽ പാർക്കിലാണ് മന്ത്രി  ഉദ്ഘാടനം ചെയ്തത്.

വീട്ടമ്മമാരെ തൊഴിലിലേക്കും ബിരുദത്തിലേക്കും എത്തിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.കുടുംബശ്രീ, ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല, അസാപ്പ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകരില്‍ നിന്ന് പ്രവേശനപരീക്ഷയും അഭിമുഖവും നടത്തിയാണ് പഠിതാക്കളെ തെരഞ്ഞെടുക്കുന്നത്. ഫൗണ്ടേഷൻ കോഴ്സുകള്‍ നല്‍കി ജോബ് ഫെയറിലൂടെ ഇവര്‍ക്ക് ജില്ലാ പഞ്ചായത്ത് ആദ്യം തൊഴില്‍ ഉറപ്പാക്കും. ഇതിന് ശേഷമാണ് ബിരുദപഠനം. തൊഴിൽ നേടാനായാൽ ബിരുദത്തിന്  തയ്യാറെടുക്കാനുള്ള ആത്മവിശ്വാസവും വീട്ടിലെ അനുകൂല അന്തരീക്ഷവും ഉറപ്പാക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് കണക്കുകൂട്ടുന്നു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.  

അസാപ്പ് ഹെഡ് സി.എസ്.പി  ഇ.വി സജിത്ത് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജാസ്മിൻ കബീർ, ഷെഫീക്ക്, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ.ജി വിദ്യാധരൻ, ലിൻക് ഡയറക്ടർ ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ സ്വാഗതവും അസാപ്പ് ജില്ലാ പ്രോഗാം മാനേജർ  പി.വി സുജീഷ് നന്ദിയും പറഞ്ഞു.

No comments