Breaking News

ഓണക്കിറ്റ് വിതരണം; ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് ജില്ലയിൽ തയ്യാറാക്കുന്നത് 3.36 ലക്ഷം കിറ്റുകൾ


കാസർകോട്: മലയാളിയുടെ ഓണം സമൃദ്ധമാക്കാന്‍ പൊതുവിതരണ വകുപ്പിന്റെ ഓണക്കിറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ആരംഭിക്കുമ്പോള്‍ ജില്ലയില്‍ തയ്യാറാക്കുന്നത് 3,36,324 കിറ്റുകള്‍. ജില്ലയില്‍ പൊതു വിതരണ വകുപ്പിന്റെ ഗോഡൗണുകളിലാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തിയതികള്‍ നിശ്ചിയിച്ചാണ് റേഷന്‍ കടകള്‍ വഴിയുള്ള കിറ്റുകളുടെ വിതരണം. ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകള്‍ റേഷന്‍ കടകളിലേക്കെത്തിച്ചു കഴിഞ്ഞുവെന്നും നിശ്ചിത തിയതിക്കുള്ളില്‍ കിറ്റുകള്‍ വാങ്ങാന്‍ കഴിയാത്താവര്‍ക്കായി സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയും കിറ്റ് വിതരണം നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജിമോന്‍.എന്‍.ജെ അറിയിച്ചു. ഓണത്തിന് ശേഷം കിറ്റുകള്‍ ലഭ്യമാകില്ല. 

ക്ഷേമ സ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലേക്കും കിറ്റുകള്‍ നല്‍കുന്നുണ്ട്. നാല് അന്തേവാസികള്‍ക്ക് ഒന്ന് വീതം 527 കിറ്റുകള്‍ പ്രത്യേകമായും വിതരണം ചെയ്യും. 

തുണിസഞ്ചിയുള്‍പ്പെടെ 14 ആവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ ജില്ലയിലെ 383 റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 23, 24 തിയതികളില്‍ 31015 മഞ്ഞ കാര്‍ഡ്(എ.എ.വൈ) ഉടമകള്‍ക്കാണ് കിറ്റ് വിതരണം. 25 മുതല്‍ 27 വരെ 114012 പിങ്ക് കാര്‍ഡുടമകള്‍ക്കും(പി.എച്ച്.എച്ച്), 29 മുതല്‍ 31 വരെ 98667 നീല കാര്‍ഡ് ഉടമകള്‍ക്കും (എന്‍.പി.എസ്) കിറ്റുകള്‍ ലഭ്യമാകും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ 92456 വെള്ള കാര്‍ഡുടമകള്‍ക്കും(എന്‍.പി.എന്‍.എസ്) കിറ്റുകള്‍ റേഷന്‍ കടകളില്‍ നിന്നും വാങ്ങാം.

No comments