Breaking News

റോഡുകൾ സ്വകാര്യവ്യക്തികളുടെ വീട്ടിലേക്ക്‌ ജില്ലയിലെ റോഡുകളിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ


കാസർകോട്‌ : ജില്ലയിലെ റോഡുകളിൽ വിജിലൻസ്‌ സംഘം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കാറഡുക്ക, മുളിയാർ, കുമ്പള, മംഗൽപാടി പഞ്ചായത്തിലെ പത്ത്‌ റോഡുകളാണ് ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പരിശോധിച്ചത്.
മംഗൽപാടി പഞ്ചായത്തിലെ കൽപാറ–- കൊല്ലോടി റോഡും ടിപ്പു ഗല്ലി റോഡും സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്ക് ടാർചെയ്‌ത്‌ നൽകിയതായി കണ്ടെത്തി. ലക്ഷക്കണക്കിന്‌ രൂപ ചെലവിട്ട്‌ സ്വകാര്യവ്യക്തികൾക്കായി റോഡ്‌ നിർമിച്ചത്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ അറിവോടെയാണെന്ന്‌ നേരത്തെ ആക്ഷേപമുയർന്നതാണ്‌. മംഗൽപാടി പഞ്ചായത്തിൽ ഹാർബർ എൻജിനിയറിങ്‌ വിഭാഗം നിർമാണം ഏറ്റെടുത്ത ഒളയം–- അഡ്ക്ക മസ്ജിദ് റോഡും പണിതീർന്ന് മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു.
ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള കുമ്പഡാജെ–- നാട്ടക്കൽ, ബോവിക്കാനം–- മല്ലം, കർമംതോടി–- കൊട്ടംകുഴി റോഡുകൾ തകർന്ന്‌ നിരവധി കുഴികളുണ്ടായി. നിർമാണത്തിലെ അപാകമാണ്‌ വേഗത്തിൽ റോഡുകൾ തകരാനിടയാക്കിയതെന്നാണ്‌ പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന്‌ വിജിലൻസ് ഡിവൈഎസ്‌പി കെ വി വേണുഗോപാൽ പറഞ്ഞു.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലും ഇൻസ്പെക്ടർ പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ മുളിയാർ, കാറഡുക്ക മേഖലകളിലുമാണ് പരിശോധിച്ചത്. എഎസ്‌ഐമാരായ പി വി സതീശൻ, വി എം മധുസൂദനൻ, വി ടി സുഭാഷ്ചന്ദ്രൻ, കെ പ്രിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രഞ്ജിത്കുമാർ, എം ജയൻ, വി എം പ്രദീപ്‌കുമാർ, ടി പ്രമോദ്കുമാർ, പൊതുമരാമത്ത്‌ ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ്‌ എൻജിനിയർ പി അനിൽകുമാർ, ഹാർബർ എൻജിനിയറിങ്‌ വിഭാഗം അസി. എൻജിനിയർ വി ആർ പ്രവീൺ എന്നിവരും പരിശോധനയ്‌ക്കുണ്ടായി. വിശദമായ റിപ്പോർട്ട് ശനി വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.


No comments