ഛത്തീസ്ഗഢിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ എയിംസ് അസി.സൂപ്രണ്ട് മരണപ്പെട്ടു
തളിപ്പറമ്പ് : ഛത്തീസ്ഗഢിലെ ജഗ്‌ദൽപുരിനടുത്ത് ബാൻപുരിയുലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി മരിച്ചു. റായ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അസി. നഴ്‌സിങ് സൂപ്രണ്ട് മാതോടത്തെ കരുണ നിവാസിൽ സി. സുമേഷ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ടെമ്പോ വാനിൽ എയിംസിലെ 13 നഴ്‌സിങ് ഓഫീസർമാരുൾപ്പെടെ 15 പേർ ജഗ്‌ദൽപുരിലേക്ക് യാത്രപോയതാണ്. രാവിലെ ആറിന് ബാൻപുരിയിലെ വെള്ളക്കെട്ടിനരികിലേക്ക് വാൻ മറിഞ്ഞാണ് അപകടം. വാനിലുണ്ടായിരുന്ന മലയാളികളായ ശ്രീലക്ഷ്മി (28), രോഹിണി സുരേഷ് എന്നിവർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ബാൻപുരി സി.എച്ച്.സി.യിലും ജഗ്‌ദൽപുർ മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
സുമേഷിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മംഗളൂരു വിമാനത്താവളത്തിലെത്തിച്ച് കണ്ണാടിപ്പറമ്പിലേക്ക് കൊണ്ടുവരും. കണ്ണൂർ ജില്ലാ ആസ്പത്രിയിൽനിന്ന് വിരമിച്ച ഫാർമസിസ്റ്റ് പൊട്ടിച്ചിക്കണ്ടി കരുണാകരന്റെയും കണ്ണാടിപ്പറമ്പ് പള്ളേരി മാപ്പിള എൽ.പി. സ്‌കൂൾ മുൻ അധ്യാപിക സി. യശോദയുടെയും മകനാണ്. സഹോദരങ്ങൾ: സി. രൂപേഷ് (സർവകലാശാലാ അസിസ്റ്റന്റ്, കോഴിക്കോട്), സി. ഉമേഷ് (സിവിൽ പോലീസ് ഓഫീസർ, എ.ആർ. ക്യാമ്പ്, കണ്ണൂർ).
No comments