Breaking News

ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നടന്നു ജില്ലാതല പ്രശ്നോത്തരിയിൽ വെള്ളരിക്കുണ്ട് സെന്റ്. ജൂഡ്സിലെ വൈഗ ആർ നാഥിന് ഒന്നാം സ്ഥാനം


വെള്ളരിക്കുണ്ട് : ലോക പേ വിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച് നടന്നു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഭൂപേഷ് ഉദ്ഘാടനം നിർവഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ ഖാദർ ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി 

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ഡോ. ഗീത ഗുരുദാസ് ദിനചാരണ സന്ദേശം നൽകി.


പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, എം, ബ്ലോക്ക് മെമ്പർ രേഖ സി,  ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ജയകുമാർ കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു


പൂടംകല്ല് താലൂക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി സുകു സ്വാഗതവും വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടിജോ പി ജോയ് നന്ദിയും പറഞ്ഞു


തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ മഞ്ചേശ്വരം താലൂക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ അനു എലിസബത്, കൊന്നക്കാട് വെറ്റിനറി ആശുപത്രി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആസിഫ് എം ഹൈദർ എന്നിവർ ക്ലാസ്സെടുത്തു.

ചടങ്ങിനോടാനുബന്ധിച്ച് നടന്ന ജില്ലാതല പ്രശ്നോത്തരി മത്സരത്തിന് വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ് നേതൃത്വം നൽകി. മത്സരത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർ സെക്കന്ററി സ്കൂളിലെ വൈഗ ആർ നാഥ്, ജി എച്ച് എസ്‌ എസ്‌ ബളാലിലെ അശ്വതി എ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി 


പേ വിഷബാധക്കെതിരായുള്ള വാക്‌സിൻ കണ്ടുപിടിച്ച ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 ന് എല്ലാ വർഷവും ലോക പേ വിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന പേവിഷബാധ പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കുമെന്നു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ത്യയിൽ ഏകദേശം 20,000 പേർ പ്രതിവർഷം ഈ രോഗം ബാധിച്ചു മരണപ്പെടുന്നുണ്ട്. വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99%പേർക്കും പേവിഷബാധ യുണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.


 മൃഗങ്ങളുടെ കടിയേറ്റാൽ 


• കടിയേറ്റ ഭാഗം സോപ്പുപയോഗിച്ചു ഒഴുകുന്ന ശുദ്ധജലത്തിൽ 15 മിനിറ്റ് സമയം കഴുകുക

.പേവിഷബാധ ഉണ്ടായാൽ അത് ഭേദമാക്കുന്നതിനുള്ള മരുന്നുകൾ ഒന്നും തന്നെ ലഭ്യമല്ല. അതിനാൽ വളർത്തു മൃഗങ്ങൾക്ക് യഥാസമയം പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക


അപരിചിത മൃഗങ്ങൾ മനുഷ്യരെ കടിക്കുകയോ, മാന്തുകയോ,ശരീരത്തിലെ മുറിവുകളിൽ അവയുടെ ഉമിനീര് പുരളുകയോ ചെയ്താൽ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധകുത്തിവയ്‌പ്പ് ഉടൻ തന്നെ എടുക്കുക.


ജില്ലയിലെ ജില്ലാ, ജനറൽ, താലൂക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 37 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ പേ വിഷബാധക്കെതിരായുള്ള കുത്തിവെപ്പും കാഞ്ഞങ്ങാട് ജില്ലാശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ആന്റി റാബീസ് സിറവും (ARS ) ലഭ്യമാണ് 

ഏകാരോഗ്യം : മരണങ്ങൾ ഒഴിവാക്കാം എന്നതാണ് 2022 പേ വിഷബാധ ദിന സന്ദേശം. ഈ സന്ദേശം മുൻനിർത്തി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

No comments