Breaking News

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസർകോട് സ്വദേശിയിൽ നിന്ന് പോലീസ് ഒരുകിലോ സ്വർണം പിടികൂടി


കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി. കസ്റ്റംസിന്റെ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നുമാണ് അന്‍പതുലക്ഷത്തോളം വിലവരുന്ന ഒരുകിലോ സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ദുബായിയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി എം.വി ഹുസൈനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്.


സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശ പ്രകാരം എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ സി. ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിങ് ഇന്‍ പരിശോധനയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങില്‍ നിന്നും പുറത്തിറങ്ങിയ യുവാവിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് സി. ഐ കുട്ടികൃഷ്ണനും സിറ്റി പൊലിസ് കമ്മിഷണറുടെ സ്പെഷ്യല്‍സ്‌ക്വാഡും ചേര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.


തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം പൊലിസ്‌കണ്ടെടുത്തത്. സ്യൂട്ട്കെയ്സിനുള്ളില്‍ സൈഡ് ബില്‍ഡിങ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഒരു കിലോവരുന്ന സ്വര്‍ണം മെര്‍ക്കുറി പുരട്ടിയ രീതിയിലാണ് ഒളിപ്പിച്ചത്. യാത്രക്കാരനെ എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാക്കി വിശദമായി പൊലിസ്ചോദ്യം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം സി. ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നാലാംതവണയാണ് സ്വര്‍ണം പിടികൂടുന്നത്. എസ്. ഐ സന്തോഷ്, എ. എസ്. ഐ സുധീര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സാദിഖ്,ഷിജില്‍, മനുസെബാസ്റ്റ്യന്‍ തുടങ്ങിയവരും പരിശോധനയിലുണ്ടായിരുന്നു.

No comments