Breaking News

മാറ്റിവച്ച വൃക്കയും തകരാറിലായി; വെള്ളരിക്കുണ്ടിലെ നജ്മുദ്ദീന് വോളിബോൾ കോർട്ടിൽ തിരികെയെത്താൽ വേണം നാടിൻ്റെ കരുതലും പ്രാർത്ഥനയും


വെള്ളരിക്കുണ്ട്: (www.malayoramflash.com) നഷ്ടപ്പെട്ട കളിക്കളം തിരിച്ച് പിടിക്കാൻ ജീവിതത്തിലേക്ക് പതിയെ പന്തുതട്ടി മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു നജ്മുദ്ദീൻ, എന്നാൽ വിധി വീണ്ടും നജ്മുദ്ദിനെ രോഗിയാക്കിയിരിക്കുകയാണ്. മാറ്റിവച്ച വൃക്ക വീണ്ടും തകരാറായതിനെ തുടർന്ന് വെള്ളരിക്കുണ്ട് കല്ലഞ്ചിറ സ്വദേശിയും സംസ്ഥാന വോളിബോൾ ടീമിൽ അംഗവുമായിരുന്ന നജ്മുദ്ദീൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി നജിമുദ്ദീൻ ഡയാലിസിസ് ചെയ്തുവരികയാണ്. 

ഇപി ജയരാജൻ കായിക മന്ത്രിയായിരിക്കേ സംസ്ഥാന സർക്കാർ നൽകിയ മൂന്നു ലക്ഷം രൂപ, കാസർഗോഡ് വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക, നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെയും സഹായം എന്നിവയാലാണ് 2020 മാർച്ച് 17ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നജിമുദ്ദീന്റെ വൃക്ക മാറ്റിവച്ചത്. 40 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും ചെലവായത്. അതിനു ശേഷം നാലു മാസത്തിലേറെ വിശ്രമം. പതിയെ ജീവിതത്തിലേക്കു മടങ്ങിവന്ന നജിമുദ്ദീൻ വോളിബോൾ വീണ്ടും കളിക്കാനുള്ള ശ്രമം ഡോക്ടറുടെ നിർദേശപ്രകാരം ആരംഭിച്ചു. വാംഅപ്പ് അടക്കം ആരംഭിച്ചു. വോളിബോൾ കോർട്ടിൽ തീ പാറുന്ന സ്മാഷുകൾ തീർക്കാനുള്ള തിരിച്ച് വരവിന് ഒരുങ്ങുകയായിരുന്നു ഈ നാടറിയുന്ന കളിക്കാരൻ എന്നാൽ, വളരെപ്പെട്ടെന്നായിരുന്നു നജ്മുദ്ദീന് തലകറക്കവും ക്ഷീണവുമനുഭവപ്പെട്ടത്.

വിദദ്ധ പരിശോധനയിലാണ് നജ്മുദ്ദീൻ്റെ മാറ്റി വച്ച വൃക്കയും തകരാറിലാണെന്ന് അറിയുന്നത്. ഇത് കനത്ത മാനസികാഘാതമാണ് സൃഷ്ടിച്ചതെന്ന് നജ്മുദ്ദീൻ മലയോരംഫ്ലാഷിനോട് പറഞ്ഞു. ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് നജ്മുദ്ദീൻ്റെ ഡയാലിസിസ് പുരോഗമിക്കുന്നത്. മുന്നോട്ടുള്ള ചികിത്സയിൽ ഈ നാടറിയുന്ന താരത്തിന് പുറത്തു നിന്നുള്ള സഹായവും പ്രാർത്ഥനയും ആവശ്യമാണ്. സർക്കാരിൽ നിന്ന് കൂടുതൽ ധനസഹായവും ലഭ്യമാകേണ്ടതുണ്ട്. News desk Malayoram Flash 

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments