Breaking News

മലയോരത്ത് മയക്കുമരുന്നു വേട്ട എം.ഡി.എം.എ കടത്തിയ വ്യത്യസ്ത കേസുകളിൽ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നു വേട്ട. രണ്ട് കേസുകളിലായി രണ്ട് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ക്ളീൻ കാസർഗോഡ് പദ്ധതിയുടെ ഭാഗമായി, കാഞ്ഞങ്ങാട് ഡിവൈഎസ്പി  പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ എം.പി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

സ്കൂട്ടറിൽ കടത്തുകയായിരുന്ന 2.970 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയും മാലോം അശോകച്ചാൽ താമസക്കാരനുമായ സനൽ ചാക്കോ(20) സമാനമായ മറ്റൊരു കേസിൽ 1.140 ഗ്രാം എം.ഡി.എം.എയുമായി കൊന്നക്കാട് മൈക്കയം സ്വദേശി ആൽബിൻ സി ജെ (21) എന്ന പ്രതിയെയും വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. 

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി കുമാർ ടി.ടി, ബിജു എം.ആർ, പ്രിയേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ അനൂപ് എൻ.പി, പോലീസ് ഡ്രൈവർമാരായ മജീദ്‌, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മലയോരം കേന്ദ്രമാക്കി മയക്കുമരുന്നുമാഫിയ പിടിമുറുക്കുന്നതിൻ്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കഞ്ചാവ് മയക്കുമരുന്നു കേസുകൾ. പോലീസിൻ്റെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിൻ്റെ ഫലമായി ഇത്തരം സംഘങ്ങളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കാൻ ഒരു പരിധിവരെ കഴിയുന്നുണ്ട്. പൊതുജനങ്ങൾക്ക് ആർക്കെങ്കിലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം കുട്ടികളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി മലയോരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകളും സജീവമായി നടത്തി വരുന്നുണ്ട്.

No comments