കെആർഎഫ്ബി എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് സസ്‌പെൻഷൻ
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെതുടര്‍ന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സീനത്ത് ബീഗത്തെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ കെആര്‍എഫ്ബിക്കു കീഴിലുള്ള പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ എത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശാസിച്ചിരുന്നു. ഇവര്‍ ജോലിയില്‍ പുലര്‍ത്തുന്ന നിരന്തരമായ വീഴ്ചകള്‍ കാസര്‍ഗോഡ് ഡിവിഷനിലെ കെആര്‍എഫ്ബി പ്രവൃത്തികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്ന കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഓഫീസില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുക, പ്രൊജക്ട് ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാതിരിക്കുക, തീരദേശ- മലയോര ഹൈവേകള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്ന ആഴ്ചതോറുമുള്ള യോഗങ്ങളില്‍ ഹാജരാകാതിരിക്കുക, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്ന നിലയില്‍ വഹിക്കേണ്ട മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുക തുടങ്ങി നിരവധി വീഴ്ചകളാണ് സീനത്ത് ബിഗത്തിനെതിരെ കെആര്‍എഫ്ബി ചീഫ് എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതേതുടര്‍ന്നാണ് സീനത്ത് ബീഗത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടത്.
No comments