Breaking News

പെരിയ മേൽപ്പാലം തകർന്ന സംഭവം: കരാർ കമ്പനിക്കെതിരെ കേസെടുത്തു, കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി റിയാസ്



കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് അപകടമുണ്ടായ സംഭവം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മ്മാണത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കും. ദേശീയപാത അതോറിറ്റി സംഘം സ്ഥലത്തെത്തുമെന്ന് അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പാലം തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയില്‍ നിര്‍മ്മാണം നടത്തിയതിന് അടക്കമാണ് കേസ്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലം തകര്‍ന്നു വീണത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് നിസാര പരുക്കുകള്‍ പറ്റിയിരുന്നു. കോണ്‍ക്രീറ്റിങിനിടെ താങ്ങുകള്‍ തെന്നിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കരാറുകാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം. പാലം പണി അടിയന്തരമായി നിര്‍ത്തിവെച്ച് സമഗ്ര അന്വേഷണം നടത്തണം. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദശിക്കവെയായിരുന്നു പ്രതികരണം.

No comments