Breaking News

ചായ്യോത്ത് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞു കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു


നീലേശ്വരം:കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് തൊഴിൽ വിദ്യാഭ്യാസ  മന്ത്രി വി. ശിവൻ കുട്ടി. ചായോത്ത് ജി.എച്ച്.എസ്.എസിൽ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ കാലഘട്ടത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കും. അടുത്ത വർഷം പുതുക്കിയ മാന്വലിന്റെ അടിസ്ഥാനത്തിൽ കലോത്സവം സംഘടിപ്പിക്കും. അപ്പീലുകളില്ലാത്ത മത്സരങ്ങൾ നടക്കാൻ നാം മുൻ കൈയെടുക്കണം. മത്സരങ്ങൾ കുട്ടികൾ തമ്മിൽ ആയിരിക്കണം. രക്ഷാകർത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്. മത്സര ഫലത്തിനെതിരെ കോടതിയിൽ നിന്ന് അപ്പീൽ വാങ്ങുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. എല്ലാ കുട്ടികളെയും ഒരേ മനസ്സോടെ കാണാനാകണം . അവരുടെ വിജയത്തിൽ സന്തോഷിക്കണം.

കലോത്സവ പാനലിനെ നിശ്ചയിക്കുന്ന രീതി കാലോചിതമായി പരിഷ്കരിക്കും. ചില ആളുകൾ സ്ഥിരമായി പാനലിൽ വരുന്നത് പുനപരിശോധിക്കേണ്ട സമയമായി.ഇത്തരത്തിൽ കലോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള ഇടപെടലുകൾ നടത്തും.മത്സര പരിപാടികൾ സമയബന്ധിതമായി നടത്തണം.കലോത്സവ വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കലാപ്രതിഭകളെ വളർത്തിയെടുക്കാൻ അവർക്ക് പരിശീലനം നൽകാൻ ഗ്രാമ പഞ്ചായത്തുകളുമായി ചേർന്ന് പദ്ധതി  തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സോവനീര്‍ പ്രകാശനം ചെയ്തു.എം.രാജഗോപാലന്‍ എം.എല്‍.എ ലോഗോ രൂപകല്പന ചെയ്തവര്‍ക്കുള്ള ഉപഹാരം നല്‍കി. സി എച്ച് കുഞ്ഞമ്പു എം എൽ എ വിശിഷ്ടാതിഥിയായി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതഗാനം അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം നല്‍കി. മുൻ എം.പി പി. കരുണാകരൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ,

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ വി വി രമേശൻ ,ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ചായോത്ത് ജി.വി എച്ച് എസ് എസ് പ്രിൻസിപ്പാൾ പി. രവീന്ദ്രൻ ജനപ്രതിനിധികൾ , വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.കെ. വാസു സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ യൂസഫ് ആമത്തല നന്ദിയും പറഞ്ഞു. ഡിസംബര്‍ 2 വരെയാണ് കലോത്സവം.ജില്ലയിലെ 7 ഉപജില്ലകളില്‍ നിന്നും വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകള്‍ മുന്നൂറോളം ഇനങ്ങളില്‍ 12 വേദികളിലായി മത്സരിക്കും.ചിറ്റാരിക്കാൽ ഉപജില്ലയില വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ സ്വാഗത ഗാനവും നൃത്ത ശിൽപവും അരങ്ങേറി.

No comments