Breaking News

കർഷകവിരുദ്ധ നടപടി ; വെസ്റ്റ് എളേരി പഞ്ചായത്തിലേക്ക്‌ സിപിഐ എം പ്രതിഷേധ മാർച്ച്


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ കർഷകവിരുദ്ധ നടപടിയിലും വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ സിപിഐ എം എളേരി ഏരിയാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി കെ സുകുമാരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, എ അപ്പുക്കുട്ടൻ, ഇ ടി ജോസ് എന്നിവർ സംസാരിച്ചു. സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു.
കർഷകർക്ക് നൽകേണ്ട വളം ഉൾപ്പെടെയുള്ള ആനുകൂല്യംപോലും യഥാസമയം നൽകാനോ, ആവശ്യക്കാർക്ക് നൽകാനോ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. ഭരണസമിതിയെടുക്കേണ്ട നിർണായക തീരുമാനങ്ങൾ പോലും അജ്ഞാത കേന്ദ്രത്തിൽനിന്നുമുണ്ടാകുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ പോലും നോക്കുകുത്തിയാക്കി ഭരണം ഹൈജാക്ക് ചെയ്യുന്ന സമീപനമാണ്‌ നടക്കുന്നത്. ഇത് ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽപ്പോലും പരിഹാരമില്ലാതാക്കുന്നു.


No comments