കുരുന്നുകൾക്ക് പുത്തനറിവ് സമ്മാനിച്ച് ബാനം സ്ക്കൂളിൽ ചെറുധാന്യ വിഭവങ്ങളുടെ പ്രദർശനം
പരപ്പ: കുട്ടികൾക്ക് പുത്തൻ അനുഭവവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളുടെ പ്രദർശനം നടന്നു.
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഒക്ടോബർ 2 മുതൽ സ്കൂളുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികളുടെ വീടുകളിൽ ചോളം, തിന, ചാമ, കൂവരക് തുടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. മില്ലറ്റുകളുടെ പോഷകഗുണത്തെ കുറിച്ചും അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങളെ സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന കൃഷിയിനം എന്ന രീതിയിലുള്ള ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെപറ്റിയും പൊതുസമൂഹത്തിന് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്തല ചർച്ചകൾ നടന്നു. മില്ലറ്റ് മന്ത്രിയാണ് ചർച്ച നിയന്ത്രിച്ചത്. പോസ്റ്റർ പ്രദർശനം, പ്രത്യേക അസംബ്ലി, പ്രതിജ്ഞ എന്നിവയും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ, എ.ശാലിനി എന്നിവർ സംസാരിച്ചു.
No comments