Breaking News

ദന്തഡോക്ടറുടെ മരണത്തിൽ കർണാടക സർക്കാർ ഇടപെടുന്നു, മകൾ ആഭ്യന്തര വകുപ്പ് മന്ത്രി അരാജ ജ്ഞാനേന്ത്രയെ കണ്ടു പരാതി നൽകി

കാസര്‍കോട്: ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ എസ്.കൃഷ്ണമൂര്‍ത്തി കര്‍ണ്ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് ഇടപെടും.


പിതാവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം എന്നാശ്യപ്പെട്ട് കൃഷ്ണമൂര്‍ത്തിയുടെ മകളും ഡോക്ടറുമായ വര്‍ഷ കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരാജ ജ്ഞാനേന്ത്രയെ കണ്ടു പരാതി നല്‍കി. ഇന്നലെ രാവിലെ മംഗളുരു ഗസ്റ്റ് ഹൗസില്‍ എത്തിയാണ് വര്‍ഷ മന്ത്രിയെ നേരില്‍ കണ്ടുപരാതി പറഞ്ഞത്.


സൂറത്കല്‍ എം.എല്‍.എ ഭാരത് ഷെട്ടി മംഗളുരു എം.എല്‍.എ വേദവ്യാസി കാമത്തും സന്നിഹിതരായിരുന്നു. കുന്താപുരം ട്രാക്കില്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയത് ആണോയെന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നത് കര്‍ണ്ണാടകയില്‍ ആയതിനാല്‍ അവിടെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബി.ജെ.പി കാസര്‍കോട് ജില്ലാ നേതൃത്വവും സംഭവത്തില്‍ ഗൗരവമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കര്‍ണ്ണാടക സര്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു ഒരു സംഘം ഡോക്ടറുടെ ക്ളീനിക്കില്‍ അതിക്രമിച്ചു കയറുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഡോക്ടര്‍ ബദിയടുക്കയില്‍ നിന്ന് സ്കൂട്ടര്‍ എടുത്തുപൊയി കുന്താപുരത്ത് എത്തിയത്.പിന്നീടാണ് മരണം നടന്നത്. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെ വര്‍ഷയുടെ പരാതി ആഭ്യന്തര മന്ത്രി സംഭവം നടന്ന സ്ഥലത്തെ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട് 

No comments