ജില്ലാ ക്ഷീര കർഷക സംഗമം ചീമേനി ഞണ്ടാടിയിൽ വെള്ളിയാഴ്ച മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും
ചെറുവത്തൂർ: ചീമേനി ഞണ്ടാടിയിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന കാസർകോട് ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘികളുടെയും, മിൽമ, കേരള ഫീഡ്സ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കർഷക സംഗമം ചീമേനി ഞണ്ടാടിയിൽ നടക്കും. ഡിസംബർ 1ന് രാവിലെ എട്ടുമണിക്ക് സംഘാടകസമിതി ചെയർമാൻ കെ സുധാകരൻ പതാക ഉയർത്തും. തുടർന്ന് ക്ഷീരസംഘം പ്രതിനിധികളുടെ ശില്പശാല കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദർശനവും നടക്കും. ഡിസംബർ 2ന് രാവിലെ പത്തരയ്ക്ക് പൊതുസമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാവും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യ പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ സുധാകരൻ, മിൽമ ഡയറക്ടർ പി പി നാരായണൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് നാരായണൻ, കരിമ്പിൽ കൃഷ്ണൻ, സിജോൺ ജോൺസൺ, കെ കല്യാണി നായർ, മനോഹരൻ തുടങ്ങിയ സംബന്ധിച്ചു.
No comments