Breaking News

ഇനി മലയോരത്ത് കലാകാരന്മാരുടെ ഉത്സവരാപകലുകൾ ... ചിറ്റാരിക്കൽ ഉപജില്ല കലോത്സവം നാളെ മുതൽ 25 വരെ പരപ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും


വെള്ളരിക്കുണ്ട് : ചിറ്റാരിക്കൽ ഉപജില്ല കലോത്സവം നവംബർ 22 മുതൽ 25 വരെ പരപ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയം വീണ്ടും ആതിഥ്യ മരുളുന്ന ഉപജില്ലാകലോത്സവം വൻവിജയമാക്കിമാറ്റുന്നതിന് കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ചെയർമാനായുള്ള വിപുലമായ സംഘാടകസമിതിയും വിവിധ സബ്കമ്മറ്റികളും മികവുറ്റപ്രവർത്തനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്.അഞ്ച് വേദികളിലായി നാലുദിവസംകൊണ്ട് നടക്കുന്ന കലോത്സവത്തിൽ ചിറ്റാരിക്കൽ ഉപജില്ലാപരിധി യിൽപ്പെട്ട 60-ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 3100-ഓളം കലാപ്രതിഭകൾ പങ്കെടുക്കും. കലോത്സവഭാഗമായി പ്രത്യേകം സംഘടിപ്പിക്കപ്പെടുന്ന സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയിലടക്കം എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആകെ 272 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

17-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് നടന്ന വർണാഭമായ വിളംബരഘോഷയാത്രയോടെ നാടും നഗരവും കലോത്സവലഹരിയിലായിക്കഴിഞ്ഞു. ഹരിതപ്രോട്ടോക്കോൾ പൂർണമായി പാലിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടംതട്ടാത്തവിധം മേള നടത്തപ്പെടുന്നതിന് പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ ഓലക്കൊട്ടമെടയൽ മത്സരം എണ്ണംകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കലോത്സവത്തിന്ന് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതിനായ് കിനാനൂർ കരിന്തളം, കോടോം ബേളൂർ, ബളാൽ പഞ്ചായത്തുകളിലെ 14 വാർഡുകളിൽനിന്നുള്ള കുടുംബശ്രീയൂണിറ്റുകളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്ത്വത്തിൽ 21-ാം തീയതി തിങ്കളാഴ്ച്ച രാവിലെ കലവറനിറയ്ക്കൽ ഘോഷയാത്ര നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് അടച്ചിടലിനുശേഷം ആദ്യമായെത്തുന്ന ഉപജില്ലാമേളയെ മലയോരമഹോത്സവമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള വൈവിധ്യമാർന്ന പ്രവർത്തനത്തനങ്ങൾക്ക് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്ന് ആവേശകരമായ പങ്കാളിത്തവും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുക്കൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി, വർക്കിംഗ് ചെയർമാൻ പി.സുരേന്ദ്രൻ, പ്രിൻസിപ്പാൾ എസ്.എം.ശ്രീപദി,കെ.ഭൂപേഷ്,പി.വി.ചന്ദ്രൻ, സി.എച്ച് അബദുൾ നാസർ, വി.ബാലകൃഷ്ണൻ,കൊടക്കൻ ദാമോദരൻ, പി.എം ശ്രീധരൻ, എം ബിജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

No comments