Breaking News

മികച്ച സംരംഭകത്വ ആശയങ്ങളുണ്ടോ?, നേടാം അഞ്ച് ലക്ഷം രൂപ ഡ്രീംവെസ്റ്റർ പദ്ധതിയുമായി ജില്ലാ വ്യവസായ വാണിജ്യ വകുപ്പ്


മികച്ച സംരംഭകത്വ ആശയവും വ്യവസായ സങ്കല്പവുമുള്ള കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നവസംരംഭകരെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. ഡ്രീംവെസ്റ്റര്‍ പദ്ധതിയിലൂടെ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കും നവസംരംഭകര്‍ക്കും വ്യവസായ സംരംഭങ്ങളെ കുറിച്ചുള്ള നൂതന ആശയങ്ങള്‍ പങ്കുവെക്കാം. മികച്ച ആശയങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ ലഭിക്കും. ഏറ്റവും മികച്ച ആശയത്തിന് അഞ്ച് ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം മൂന്ന് ലക്ഷവും മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ഒരു ലക്ഷം, കാല്‍ ലക്ഷം രൂപകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ലഭിക്കും. 2022-23 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സംരംഭകത്വ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംരംഭകത്വ വികസനപരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.


ആദ്യ റൗണ്ടിലേക്ക്  നവംബര്‍ 24 മുതല്‍ ഡിസംബര്‍ 23 വരെ www.dreamvestor.in എന്ന വെബ്സൈറ്റിലൂടെ യുവ സംരംഭകര്‍ക്ക്  ആശയങ്ങള്‍ അവതരിപ്പിക്കാം. ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 15 വരെ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ജനുവരി 18 ന് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 100 മത്സരാര്‍ഥികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് ജനുവരി 20 മുതല്‍ 30 വരെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ആശയത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോകള്‍ സമര്‍പ്പിക്കാം. ഫെബ്രുവരി 2 മുതല്‍ 6 വരെ ഇവയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഫെബ്രുവരി എട്ടിന് അടുത്ത ഘട്ടത്തിലേക്കുള്ള 50 മത്സരാര്‍ഥികളെ പ്രഖ്യാപിക്കും. മൂന്നാം റൗണ്ടില്‍ ഫെബ്രുവരി 10 മുതല്‍ 12 വരെ മാര്‍ക്കറ്റിംഗ് ആശയങ്ങളുടെ വിശദാംശങ്ങള്‍ സ്വീകരിക്കും. ഫെബ്രുവരി 13-16 കാലയളവില്‍ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 20 ഫൈനലിസ്റ്റുകളുടെ പേരുകള്‍ ഫെബ്രുവരി 20ന് പ്രഖ്യാപിക്കും. അവസാന റൗണ്ട് മത്സരം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് നടക്കും.


തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം, ഓഫീസ് സ്‌പേസ്, സൗജന്യ വൈ-ഫൈ, ആശയം ഉത്പന്നമാക്കി മാറ്റാനുള്ള പിന്തുണ, മെന്ററിങ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണിബന്ധങ്ങള്‍ എന്നീ സഹായങ്ങള്‍ ലഭിക്കും. 18-35 വയസ്സിന് ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാര്‍ഥി ഒരു ബിസിനസ് ആശയം മാത്രമാണ് അവതരിപ്പിക്കേണ്ടത്. നേരത്തേ അവാര്‍ഡുകള്‍ നേടിയ ആശയങ്ങള്‍ പരിഗണിക്കില്ല.


പിന്തുണയുമായി ജില്ലാ വ്യവസായ കേന്ദ്രമുണ്ട്


ഡ്രീംവെസ്റ്റര്‍ പദ്ധതിയിലേക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ജില്ലയിലെ നൂതന സംരംഭകര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ പിന്തുണയുമായി ജില്ലാ വ്യവസായ കേന്ദ്രമുണ്ട്. അവതരിപ്പിക്കേണ്ട സംരംഭങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിയാനും നിര്‍ദേശങ്ങള്‍ അറിയിക്കാനും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച സംരംഭ മുന്നേറ്റമുണ്ടാക്കാനായെന്നും സംരംഭ മേഖലയിലുള്ള പുത്തന്‍ ആശയങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉറപ്പാക്കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ പറഞ്ഞു. ഫോണ്‍. 9188127014

No comments