തിരിച്ചടികളിൽ തളരാതെ ക്ഷേത്ര ചിത്രകലയിൽ അത്ഭുതങ്ങൾ വരച്ചെടുത്ത് നീലേശ്വരം കൊയാമ്പുറത്തെ പി വി മധു
നീലേശ്വരം : തിരിച്ചടികളിൽ വീണുപോയെങ്കിലും ഉയിർത്തെഴുന്നേറ്റ് തുടർജീവിതത്തിൽ വർണചിത്രം നിറയ്‌ക്കുകയാണ് നീലേശ്വരം കൊയാമ്പുറത്തെ പി വി മധു. ഇരുകാലിനും ഇടതുകൈയ്‌ക്കും ശേഷിയില്ലാത്ത മധു ഒറ്റക്കൈയാൽ മനോഹര ചിത്രങ്ങളും ശിൽപങ്ങളുമൊരുക്കുന്നു. പുതുക്കൈ നരിക്കാട്ടറ പള്ളിയറയുടെ മുന്നിൽ ഉയരത്തിൽകെട്ടിയ തട്ടിലിരുന്ന് വ്യാളീമുഖത്തിന്റെ രൗദ്രഭാവവും തെയ്യരൂപവും ആകർഷകമായി വരക്കുകയാണ് മധുവിപ്പോൾ. ഏഴാംവയസിൽ പോളിയോ ബാധിച്ചാണ് ശരീരം തളർന്നത്. പത്താംവയസിൽ നിറക്കൂട്ടുകളെ കൂടെ ചേർത്തതോടെ ജീവിതത്തിൽ പ്രകാശംപരന്നു. ചലനമറ്റ രണ്ട് കാലുകളും ഇടതുകൈയ്യും അരയിൽതിരുകി വലതുകൈ നിലത്ത് കുത്തിയുള്ള സഞ്ചാരം ഏതൊരാളെയും നൊമ്പരപ്പെടുത്തും. നീലേശ്വരം ശ്യാമ ചിത്രകലാ വിദ്യാലയത്തിലെ ശ്യാമ ശശിയോടൊപ്പം ചേർന്നതോടെ മധുവെന്ന കലാകാരൻ ഉയർത്തെഴുന്നേറ്റു. തുടക്കത്തിൽ അൽപനേരം ബ്രഷ് പിടിച്ചിരുന്നാൽ അരിച്ചിറങ്ങിത്തുടങ്ങുന്ന വേദന. വിരലുകൾവിട്ട് ഊർന്നുപോകുന്ന ബ്രഷ്. ജീവിതത്തിനു സാന്ത്വനമാകുമെന്നു കരുതിയ ചിത്രംവര ഉപേക്ഷിക്കാമെന്ന് കരുതിയെങ്കിലും ആത്മവിശ്വാസം തുണയായി.
വടക്കേമലബാറിൽ നിരവധി ക്ഷേത്രങ്ങളിൽ മധുവിന്റെ ചിത്രവും ശിൽപ്പവും കാണാം.
2004ൽ കേരള ലളിതകലാ അക്കാദമി അംഗീകാരവും ലഭിച്ചു. നീലേശ്വരം രാഗവീണ വിദ്യായത്തിലേക്ക് അഞ്ചടി ഉയരമുള്ള നിലവിളക്ക് കളിമണ്ണിൽ നിർമ്മിച്ച് നൽകിയതും ശ്രദ്ധേയാമായി.ക്ഷേത്ര ചിത്രകലയിൽ ജീവൻ നാരായണനാണ് ഗുരു. നെല്ലിക്കാട്ടെ ബിന്ദുവാണ് ഭാര്യ. മകൻ ആരുഷും മധുവിന്റെ വഴിയിൽതന്നെ.
No comments