റോഡ് നിർമ്മാണത്തിന് ഭരണസമിതി തീരുമാനം നൽകുന്നില്ലെന്ന് ആരോപിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തിന് മുന്നിൽ ജില്ലാ പഞ്ചായത്തംഗത്തിൻ്റെ കുത്തിയിരിപ്പ് സമരം
ചിറ്റാരിക്കാൽ: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷനിലെ എണിച്ചാൽ - നിരത്തുംതട്ട് റോഡിനു ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ യുടെ ഫണ്ട് വിനിയോഗിക്കുന്നതിന് ഭരണസമിതി തീരുമാനം നല്കാത്ത ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നയത്തിനെതിരെ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് കുത്തിയിരുപ്പ് സമരം നടത്തി.ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിലുള്ള ഗാന്ധി പ്രതിമക്ക് മുൻപിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് സമരം നടത്തിയത്.
ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ റോഡ് ഫണ്ട് ഉപയോഗിചാണ് എണിച്ചാൽ - നിരത്തുംതട്ട് റോഡിന്റെ റീ ടാറിങ്ങിനു 10 ലക്ഷം രൂപ അനുവദിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു പ്രവർത്തി നടത്തണമെങ്കിൽ ഗ്രാമപഞ്ചായത്തിന്റെ ഭരണാനുമതി ആവശ്യം ആണ്. ഭരണാനുമതി ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത് നൽകിയ കത്തിനു അനുകൂലമായ തീരുമാനം ഭരണസമിതി പാസ്സാക്കി നൽകിയിരുന്നു. എന്നാൽ ആ തീരുമാനം ഭരണസമിതി പോലുമറിയാതെ പിൻവലിച്ചു മറ്റൊരു റോഡിന്റെ പേര് നൽകുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്തത്. ബന്ധപ്പെട്ട നേതൃത്വവും, ഉദ്യോഗസ്ഥരും പലതവണ ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാർ ആകുന്നില്ല. ഈ നിലപാടിൽ പ്രതിഷേധിച്ചാണ് ജോമോൻ ജോസ് സമരം നടത്തിയത്.
No comments