Breaking News

ഏകാംഗ സൈക്കിൾ യാത്ര: കാസറഗോഡ് സന്ദർശനം പൂർത്തിയാക്കി ആശാ മാൾവ്യ


കാസർകോട്: സാഹസിക സഞ്ചാരം, സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ഏകാംഗ സൈക്കിൾ സവാരിയിലേർപ്പെട്ടിരിക്കുന്ന പർവതാരോഹികയും ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവുമായ മധ്യപ്രദേശുകാരി ആശാ മാൾവ്യ കർണാടകയിലെ പര്യടനത്തിന് ശേഷം ഇന്നലെ കാസറഗോഡ് എത്തി. 20,000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിച്ചുള്ള ഈ 24 കാരിയുടെ യാത്രക്ക് ജില്ലാ ഭരണകൂടവും, ജില്ലാ പോലീസും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, കാസറഗോഡ് പെഡ്ലേർസ് ക്ലബ്ബുമാണ് ആവശ്യമായ സഹായങ്ങൾ നൽകിയത്. ബേക്കലിൽ എത്തിയ യാത്രക്ക് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.  സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  പി. ലക്ഷ്മി, ബേക്കൽ എസ്. ഐ.രജനീഷ് മാധവൻ, കാസറഗോഡ് സൈക്ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌  മൂസ പാലക്കുന്ന് എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും പുനരാരംഭിച്ച യാത്രയെ കാസറഗോഡ് പെഡ്ലേർസ് ക്ലബ്‌ അംഗങ്ങൾ യാത്രയെ പയ്യന്നൂർ വരെ അനുഗമിച്ചു. ഇന്ത്യയിലെ യുവതികളും സ്ത്രീകളും വീട്ടിൽ ഒതുങ്ങി നിൽക്കാതെ ധാരാളം യാത്ര ചെയ്യാൻ താല്പര്യമെടുക്കണമെന്നും, യാത്ര, അറിവും ആനന്ദവും പ്രദാനം ചെയ്യുമെന്നും, സ്ത്രീകളുടെ ഏകാന്തയാത്രകൾക്ക് ഇന്ത്യ സുരക്ഷിതമണെന്നാണ് തന്റെ അനുഭവമെന്നും ആശാ മാൾവ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ടൂറിസം വകുപ്പ് മന്ത്രിമാരെയും സന്ദർശിച്ചാണ് മാൾവ്യ യുടെ യാത്ര പുരോഗമിക്കുന്നത്.

No comments