വീണ്ടുമൊരു കാസർകോടൻ സിനിമ ; ബേഡഡുക്ക കൊളത്തൂർ സ്വദേശിയും നടനുമായ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി
'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും രാജേഷ് മാധവനും ഒന്നിക്കുന്ന 'പെണ്ണും പൊറാട്ടും' അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി.'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച് രാജേഷ് മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് 'പെണ്ണും പൊറാട്ടും' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നിരിയ്ക്കുന്നത്.'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവന്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നടന്‍ എന്നതിലുപരി, 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി വന്‍വിജയം കൈവരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് 'പെണ്ണും പൊറാട്ടും'.
മലയാളത്തിലെ നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളുടേയും മികച്ച അംഗീകാരങ്ങള്‍ ലഭിച്ച ചിത്രങ്ങളുടേയും നിര്‍മ്മാതാവാണ് സന്തോഷ് ടി. കുരുവിള. ഡാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം. മോഹന്‍ലാല്‍ ചിത്രമായ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ സഹനിര്‍മ്മാതാവായിരുന്ന സന്തോഷ് ടി. കുരുവിള പതിനാലോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടേയും ഭാഗമായ ഇദ്ദേഹം ഒട്ടേറെ പുതുമുഖങ്ങളെ അഭിനയ രംഗത്തും സംവിധാന രംഗത്തും സിനിമയിലെ മറ്റ് ഒട്ടനേകം മേഖലകളിലും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്
'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിന്റെ രചന രവിശങ്കറാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഭീഷ്മപര്‍വ്വം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ കോറൈറ്റര്‍ കൂടിയായിരുന്നു. അദ്ദേഹം. സബിന്‍ ഉരാളുകണ്ടിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സീ യു സൂണ്‍ എന്ന ഒ.ടി. ടി. ട്രെന്‍ഡിംഗ് സിനിമയുടെ സിനിമട്ടോ ഗ്രാഫറായ ഇദ്ദേഹം മാലിക്ക്, ബദായി ഹോ, ശ്യാം സിംഘ് റോയ്, ആര്‍ക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു.
'പെണ്ണും പൊറാട്ടും' പാലക്കാടന്‍ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക് പ്ലാന്റ്.രാജേഷ് മാധവന്‍ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ ചേപ്പനടുക്കം സ്വദേശിയാണ്
No comments