ഉത്സവത്തിൻ്റെ കൊടി അഴിച്ചുമാറ്റിയ സംഭവം: പാണത്തൂർ ക്ഷേത്രമാതൃസമിതി നേതൃത്വത്തിൽ പനത്തടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
പാണത്തൂർ: പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് കെട്ടിയ പതാകകൾ അഴിച്ചുമാറ്റുവാൻ പരാതി നൽകിയ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ക്ഷേത്ര മാതൃസമിതി പനത്തടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ശരണം വിളികളോടെയായിരുന്നു 30 ഓളം വരുന്ന മാതൃസമിതിയംഗങ്ങൾ പഞ്ചായത്ത് ഓഫീസിലെ പ്രസിഡൻ്റിൻ്റെ ഓഫീസിലേയ്ക്ക് എത്തിയത്. ഈ മാസം 22, 23 ദിവസങ്ങളിലായി നടന്ന ഉൽസവത്തോടനുബന്ധിച്ച് സ്ഥാപിച്ച പതാകകൾ അഴിച്ച് മാറ്റണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് പരാതി നൽകിയിരുന്നു. മുൻ കാല സംഘർഷ സാധ്യത കണക്കിലെടുത്ത് മുൻകരുതലിൻ്റെ ഭാഗമായാണ് കൊടി അഴിച്ചുമാറ്റണമെന്ന അപേക്ഷ നൽകിയതെന്നാണ് പ്രസിഡണ്ടിൻ്റെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം സി.ഐ യുടെ നേതൃത്വത്തിൽ രാത്രി തന്നെ കൊടികൾ അഴിച്ച് മാറ്റുകയാണ് ഉണ്ടായത്. ഇത് മൂലം 22 ന് നടക്കേണ്ടിയിരുന്ന ഗാനമേളയും, 23 ന് വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന കാഴ്ച സമർപ്പണ ഘോഷയാത്രയും മാറ്റിവെക്കുകയായിരുന്നു. ഇതു മൂലം ക്ഷേത്രത്തിനും വിവിധ കാഴ്ച കമ്മറ്റികൾക്കും ഭീമമായ നഷ്ടം ഉണ്ടാക്കുകയും ചെയ്തതായി ഭാരവാഹികൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
മാർച്ചിന് ക്ഷേത്ര മാതൃസമിതി പ്രസിഡൻ്റ് സുമതി ഗോപാലൻ, സെക്രട്ടറി ലീല മോഹനൻ വൈസ് പ്രസിഡൻ്റ് ബിന്ദു മനോജ്, ജോസെക്രട്ടറിമാരായ വത്സല പി.കെ, ഉമിത ബാബു, ട്രഷറർ ഗിരിജാ വിനോദ്, സരോജിനിയമ്മ, സാവിത്രി താനത്തിങ്കാൽ എന്നിവർ നേതൃത്വം നൽകി.
No comments