തൃക്കരിപ്പൂർ വയലോടിയിൽ നടന്നത് സദാചാരക്കൊലയെന്ന് സംശയം; പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
തൃക്കരിപ്പൂർ : വയലോടിയിൽ ഞായർ രാത്രി നടന്നത് സദാചാരക്കൊലയാണെന്ന് സംശയം. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി വന്ന ഫോണിനെ തുടർന്നാണ് പ്രിജേഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഞായർ രാത്രി 11 ന് പൊറോപ്പാട് മധുരങ്കൈ റോഡിൽ വീട്ടുപരിസരത്ത് കണ്ടതിനെ തുടർന്ന് പ്രദേശത്തെ ചില യുവാക്കൾ ചേർന്ന് പ്രിജേഷനെ മർദിച്ചതായി പറയുന്നു. മർദനത്തിൽ പരിക്കേറ്റ് അവശ നിലയിലായ പ്രിജേഷിനെ ഇയാളുടെ തന്നെ ബുള്ളറ്റിൽ രണ്ടുപേർ ചേർന്ന് വീട്ടുപരിസരത്ത് എത്തിച്ചതാണ്. തിങ്കൾ രാവിലെ ആറിന് സഹോദരൻ പ്രിയേഷാണ് മൃതദേഹം ആദ്യം കാണുന്നത്. എട്ടുവർഷം മുമ്പ് ഈ പ്രദേശത്തെ യുവാവ് സദാചാര അക്രമത്തിനിരയായി റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത് വലിയ വിവാദമായിരുന്നു.
നാടുണർന്നത് ഞെട്ടലോടെ
വയലോടി ഗ്രാമം ഉറക്കമുണർന്നത് ഞെട്ടലോടെ. നാട്ടുകാർക്ക് സുപരിചിതനായ കറുത്തുട്ടൻ എന്നുവിളിച്ചിരുന്ന പ്രിജേഷ് വയലിൽ മരിച്ച് കിടക്കുന്നുണ്ടെന്ന വാർതതയാണ് പടർന്നത്. നിമിഷനേരത്തിൽ നാട്ടുകാർ ഇവിടെ തടിച്ചുകൂടി.
ഞായറാഴ്‌ച മർനാടിയൻ തറവാട് നവീകരണത്തിനായി സംഘാടകർക്കൊപ്പം പ്രിജേഷ് സംഭാവനക്ക് ഇറങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച സുബ്രമണ്യ ക്ഷേത്ര ആണ്ടിയൂട്ട് മഹോത്സവത്തിന് ശേഷം കുടുംബാംഗങ്ങൾ ചേർന്ന് പളനിക്ക് പോയ യാത്രാസംഘത്തിലും പ്രിജേഷുണ്ടായിരുന്നു. ജോലി ആവശ്യത്തിന് പയ്യന്നൂരും പരിസരത്തുമാണ് കൂടുതൽ സമയവും ചിലവഴിച്ചിരുന്നത്.
ഞായർ രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ എത്തിയ ഫോൺ കോളാണ് കൊലപാതത്തിന് വഴിവച്ചതെന്ന് വീട്ടുകാർ പറയുന്നു. ഫോൺ വന്നയുടനെ അമ്മയോട് പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. രാത്രി വൈകുവോളം തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.
പൊലീസ് നായ പാലംവരെ ഓടി
കാസർകോട് നിന്നെത്തിയ പൊലീസ് നായ പ്രിജേഷിന്റെ വീട്ടിലും റോഡിലൂടെയും വയലോടി പാലത്തിന് തെക്കുഭാഗത്തെ വയലിലൂടെ 500 മീറ്റർ മാറി കൈക്കോട്ടുകടവുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിന് സമീപം വരെ എത്തി. വിരലടയാള വിദഗ്ധരെത്തിയും തെളിവ് ശേഖരിച്ചു. ജനനേന്ദ്രിയത്തിനുൾപ്പടെ മാരക ക്ഷതമേറ്റതാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് ഇൻക്വസ്റ്റിന് ശേഷം കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി.
No comments